KSDLIVENEWS

Real news for everyone

സഹപ്രവര്‍ത്തകരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇനിയും എത്രകാലം തുടരണം: ഗസ്സയിലെ ഭീതി വിവരിച്ച്‌ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക

SHARE THIS ON

ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ നാല് മാധ്യമപ്രവർത്തകരാണ് ഇന്ന് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിലെ നസർ ആശുപത്രിക്ക് നേരെയായിരുന്നു വ്യോമാക്രമണം. റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അല്‍ മസ്രി,അല്‍ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എൻബിസി നെറ്റ്‌വർക്കിലെ മുഅസ് അബു ദഹ എന്നിവരാണ് തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

ദിവസങ്ങള്‍ക്ക് മുമ്ബ് അല്‍ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആറോളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിലെ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്.

അതേസമയം എന്തുകൊണ്ട് ആശുപത്രി റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് അല്‍ ജസീറയിലെ ഫലസ്തീനി മാധ്യമപ്രവര്‍ത്തകയായ ഹിന്ദ് ഖൗദരി.

”ഇസ്രായേല്‍ വംശഹത്യയില്‍ ഗസ്സയിലെ വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും താറുമാറായ നിലയിലാണ്. ആശുപത്രികളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യങ്ങള്‍ മാധ്യമപ്രവർത്തകർക്ക് ലഭ്യമാകുന്നത്.

മുറിവേറ്റ ഫലസ്തീനികളെയും പോഷകാഹാരക്കുറവ് കാരണം ദുരിതമനുഭവിക്കുന്നവരെയും മൃതദേഹങ്ങളുമൊക്കെ എത്തിച്ചേരുന്നത് ഇതേ ആശുപത്രികളിലാണ്. അതുകൊണ്ടാണ് ഫലസ്തീൻ മാധ്യമപ്രവർത്തകർ ആശുപത്രികളെ ആശ്രയിക്കുന്നതും ഒടുവില്‍ അവിടെവെച്ച്‌ തന്നെ ഇരയായി തീരുന്നതും”- ഹിന്ദ് ഖൗദരി പറയുന്നു.

സ്വന്തം സഹപ്രവർത്തകരുടേയും മറ്റ് മാധ്യമസുഹൃത്തുകളുടേയും മരണം റിപ്പോർട്ട് ചെയ്യുന്നത് ഇനിയും എത്രകാലം തുടരേണ്ടി വരുമെന്നും ഖൗദരി ചോദിക്കുന്നു.

നസർ ആശുപ‌ത്രിക്ക് നേരെയുണ്ടായ ആദ്യത്തെ ആക്രമണത്തില്‍ ഒരു മാധ്യമപ്രവർത്തകനാണ് ആദ്യം കൊല്ലപ്പെട്ടത്. ഈ ആക്രമണം റിപ്പോർട്ട് ചെയ്യാൻ പോയവരും പരിക്കേറ്റവരെ സഹായിക്കാൻ എത്തിയവരുമാണ് രണ്ടാമത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം ഇസ്രായേല്‍ വംശഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 244 മാധ്യമപ്രവർത്തകരാണ്. ആധുനിക ലോകചരിത്രത്തില്‍ ഇത്രത്തോളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട മറ്റൊരു ‘യുദ്ധം’ ഉണ്ടായിട്ടില്ലെന്നാണ് ആംനസ്റ്റി ഇന്റർനാഷണല്‍ അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിലയിരുത്തിയത്.

ഗസ്സയില്‍ ദിനംപ്രതി മാധ്യമപ്രവർത്തകർ കൊല്ലപ്പെടുമ്ബോഴും ന്യൂയോർക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പാലിക്കുന്ന മൗനത്തെ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിലെ മീഡിയ പ്രൊഫസറായ മുഹമ്മദ് അല്‍ മസ്രി വിമർശിച്ചു. ആക്രമണം തുടങ്ങിയതു മുതല്‍ ഇസ്രായേല്‍, മാധ്യമങ്ങളുമായും മാധ്യമപ്രവർത്തകരുമായാണ് യുദ്ധം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രഹസ്യമായല്ല മറിച്ച്‌ പരസ്യമായാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

‘അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമപ്രവർത്തകരെവിടെ? ന്യൂയോർക്ക് ടൈംസും സിഎൻഎന്നും ഒക്കെ എവിടെയാണ്. മുഖ്യധാരയിലെ മറ്റ് പാശ്ചാത്യ അന്താരാഷ്ട്ര വാർത്ത ഏജൻസികളൊക്കെ എവിടെ പോയി. 2025ല്‍ ചാർലി ഹെബ്ദോ എന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടപ്പോള്‍ ആഗോളതലത്തില്‍ പ്രതിഷേധം ഉയർന്നിരുന്നു. മാസങ്ങളോളം പാശ്ചാത്യ വാർത്താ ഔട്ട്ലെറ്റുകളുടെ പ്രധാന വാർത്ത അതായിരുന്നു. അന്ന് ഞാൻ എന്റെ മാധ്യമസുഹൃത്തുക്കളെയെല്ലാം അഭിനന്ദിച്ചു. ഇന്നവർ എവിടെപ്പോയി?’ അദ്ദേഹം ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!