വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഗവാസ്കർ

ദുബായ്: കിംഗ്സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള കഴിഞ്ഞ ദിവസത്തെ മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെ ആര്‍.സി.ബി നായകന്‍ വിരാട് കൊഹ്‌ലിയേയും ഭാര്യ അനുഷ്കാ ശര്‍മ്മയേയും പറ്റി നടത്തിയ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന വിശദീകരണവുമായി സുനില്‍ ഗാവസ്കര്‍ രംഗത്തെത്തി. കൊഹ്‌ലിയേയും അനുഷ്കയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയില്ലെന്നും തന്റെ വാക്കുകളില്‍ ഒരു അശ്ലീലവും ഇല്ലെന്നും ഗാവസ്കര്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കൊഹ്‌ലി ബാറ്റ് ചെയ്യുന്നതിനിടെ, കൊഹ്‌ലി കൂടുതല്‍ പരിശീലനം നടത്തേണ്ടതുണ്ടെന്നും ലോക് ഡൗണ്‍ സമയത്ത് അദ്ദേഹം അനുഷ്കയുടെ ബൗളിംഗ് മാത്രമേ നേരിട്ടുള്ളൂവെന്നും അത് ഗ്രൗണ്ടില്‍ ഗുണം ചെയ്യില്ലെന്നും കമന്ററിയില്‍ ഗാവസ്കര്‍ പറഞ്ഞതാണ് വിവാദമായത്. കൊഹ്‌ലിയുടേയും അനുഷ്കയുടേയും ആരാധകര്‍ അദ്ദേഹത്തിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ത്തി. അദ്ദേഹത്തെ സ്റ്റാര്‍ സ്‌പോര്‍ട്സിന്റെ കമന്ററി പാനലില്‍ നിന്നും മാറ്റണമെന്നും അഭിപ്രായമുയര്‍ന്നു. കളിക്കാരന്‍ പരാജയപ്പെട്ടാല്‍ അതിന്റെ കുറ്റം ഭാര്യയുടേയും കുടുംബത്തിന്റെ തലയില്‍ വച്ച് കെട്ടരുതെന്ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അനുഷ്കയും അഭിപ്രായപ്പെട്ടിരുന്നു. മേയില്‍ കൊഹ്‌ലയും അനുഷ്കയും ടെന്നിസ് ബൗള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കണ്ടിരുന്നുവെന്നും ഇതാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് ഗാവസ്കര്‍ അഭിമുഖത്തില്‍ പറഞ്ഞത്.
അതുപോലെ വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ ഭാര്യയേയും ഒപ്പം കൂട്ടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുള്ള ആളാണ് താനെന്നും കുടുംബത്തിന് വലിയ ബഹുമാനവും പ്രാധാന്യവും നല്‍കണമെന്ന അഭിപ്രായമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.