പാർട്ടി ചാനലിനും വ്യാജ കെ എം സി സി ഭാരവാഹിക്കുമെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ

കാസർകോട്: അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച സി പി എമ്മിന്റെ ചാനലിനും വ്യാജ കെ എം സി സി ഭാരവാഹിക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ അറിയിച്ചു.
തന്നെ വ്യക്തിപരമായി തേജോവധം ചെയ്ത് ടാസ്ക് കോളേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാനൽ നൽകിയ വാർത്ത വ്യാജവും അസംബന്ധവുമാണെന്ന് ഏ ജി സി ബഷീർ പറയുന്നു. ഇതിനെതിരെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വ്യാജ പ്രചാരണം തുറന്നു കാട്ടുന്നതിനും നിയമപരമായി ഏതറ്റം വരെയും പോകും. കേരളത്തിൽ സി പി എമ്മും ഇടതുപക്ഷ സർക്കാരും ചെന്നുപെട്ടിരിക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും പാപക്കറ പൊതു സമൂഹത്തിൽ നിന്നു മറച്ചു പിടിക്കാനും പാർട്ടി അകപ്പെട്ടിരിക്കുന്ന ചരിത്രത്തിലേതന്നെ ഏറ്റവും വലിയ പ്രതിസന്ധിയിൽ നിന്നും, അണികളുടെ അമർഷത്തിൽ നിന്നും കര കയറാനും ലീഗ് നേതാക്കളെ വ്യക്തിഹത്യ നടത്തിയും ദുരാരോപണങ്ങളുന്നയിച്ചും വ്യാജ വാർത്തകൾ സത്യമെന്ന രീതിയിൽ അവതരിപ്പിച്ച് പാർട്ടി ചാനൽ പാർട്ടി ധർമ്മം നിർവ്വഹിക്കുകയാണെന്ന് ബഷീർ വ്യക്തമാക്കി

