ബേക്കലിലെ അഞ്ചാം ക്ലാസ് കാരി അഷിതയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബേക്കല്‍: ബേക്കല്‍ ഹദ്ദാദ് നഗറിലെ കാട്രമൂലയിലെ അഷിത(11) യുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് അഷിതയുടെ മൃതദേഹം വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് മരണകാരണം വ്യക്തമായത്. കഴുത്തില്‍ കയര്‍ മുറുകി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. മൃതദേഹത്തില്‍ പരിക്കുകളോ മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ പവിത്രന്റെയും കാട്രമൂലയിലെ ആശയുടെയും മകളായ അഷിതയെ സെപ്തംബര്‍ 23ന് വൈകിട്ട് 6.30 മണിയോടെയാണ് അമ്മ വീട്ടില്യും മകളായ അഷിതയെ സെപ്തംബര്‍ 23ന് വൈകിട്ട് 6.30 മണിയോടെയാണ് അമ്മയുടെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയായിരുന്നു അഷിത. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് മൃതദേഹം ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കുട്ടി കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മരണം നടന്ന സമയം അമ്മയും സഹോദരനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഫാനിന്റെ ഹുക്കില്‍ നേരിട്ട് കയര്‍ കുരുക്കാന്‍ കഴിയാത്തതിനാല്‍ സ്റ്റൂള് വെച്ച ശേഷം മരക്കൊമ്പ് ഉപയോഗിച്ച് ഫാനിന്റെ ഹുക്കില്‍ കോര്‍ത്ത് കഴുത്തില്‍ കുരുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം. കുട്ടിയുടെ മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഉയരാന്‍ മാത്രം തെളിവുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബേക്കല്‍ എസ്.ഐ പി. അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
അഷിത ഉപയോഗിച്ചിരുന്ന സെല്‍ഫോണും കുട്ടിയുടേതെന്ന് കരുതുന്ന നോട്ടുബുക്കുകളും പൊലീസ് കണ്ടെടുത്തു. സെല്‍ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. സഹോദരന്റെ സഹായത്തോടെ ഇത് തുറന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത നോട്ടുബുക്കുകളില്‍ നിന്നും സെല്‍ഫോണില്‍ നിന്നും തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. പെണ്‍കുട്ടിയുടെ പതിനാലുകാരനായ സഹോദരനില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. ഒമ്പതാംതരത്തില്‍ പഠിക്കുന്ന സഹോദരനും അഷിതക്കും പഠനാവശ്യത്തിനായി മാസങ്ങള്‍ക്കുമുമ്പാണ് രക്ഷിതാക്കള്‍ സെല്‍ഫോണ്‍ വാങ്ങി നല്‍കിയത്. രണ്ടുപേരും ഈയൊരു ഫോണിലാണ് പഠനം നടത്തിയത്.

