KSDLIVENEWS

Real news for everyone

പള്ളത്തടുക്കയിലെ വാഹനാപകടം; മരിച്ചവര്‍ക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി; അഞ്ച് പേരുടെയും മയ്യത്ത് ഖബറടക്കി

SHARE THIS ON

കാസര്‍കോട്: ബദിയടുക്കക്ക് സമീപം പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍ മരിച്ച ദാരുണ സംഭവം ജില്ലയുടെ കണ്ണീരായി. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ചുപേരും. മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (48), സഹോദരിയും കടവത്ത് ദിഡുപ്പയിലെ ഇസ്മായില്‍ കൊപ്പളത്തിന്റെ ഭാര്യയുമായ ഉമ്മാലിയുമ്മ (55), മറ്റൊരു സഹോദരിയും നോര്‍ത്ത് ബെള്ളൂരിലെ അബ്ബാസിന്റെ ഭാര്യയുമായ നഫീസ (50), ഇവരുടെ പിതൃസഹോദരന്‍ കടവത്ത് ദിഡുപ്പയിലെ പരേതനായ ഷേക്കാലി ഹാജിയുടെ ഭാര്യ ബീഫാത്തിമ (65), ഓട്ടോ ഡ്രൈവറും തായലങ്ങാടി സ്വദേശിയും മൊഗ്രാല്‍പുത്തൂര്‍ മൊഗറില്‍ താമസക്കാരനുമായ എ.എസ് അബ്ദുല്‍റഊഫ് (58) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം. ബദിയടുക്ക നെക്രാജെയിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ബസും ഇവര്‍ സഞ്ചരിച്ച ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണും പൂര്‍ണ്ണമായും തകര്‍ന്ന ഓട്ടോയ്ക്കകത്ത് കുടുങ്ങിയുമാണ് മരണം സംഭവിച്ചത്. യാത്രക്കാരില്‍ ഒരാളുടെ വസ്ത്രത്തിലുണ്ടായിരുന്ന കത്തില്‍ നിന്നുള്ള നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. അപകടവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നീര്‍ച്ചാര്‍ കുംട്ടിക്കാന ദേവരമെട്ടുവിലെ ജോണ്‍ ഡിസൂസ(56)യെ പൊലീസ് അറസ്റ്റുചെയ്തു. മരണ വിവരമറിഞ്ഞ് ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകളാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഞ്ചുപേരുടേയും പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. റഊഫിന്റെ മയ്യത്ത് മൊഗര്‍ പള്ളിയില്‍ മയ്യത്ത് നിസ്‌കരിച്ച ശേഷം സ്വദേശമായ തായലങ്ങാടിയില്‍ കൊണ്ടുപോയി തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ബീഫാത്തിമയുടെ മയ്യത്ത് മൊഗര്‍ ജുമാമസ്ജിദ് അങ്കണത്തിലും ഉമ്മാലിയുമ്മയുടെ മയ്യത്ത് മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തിലും നഫീസയുടെ മയ്യത്ത് ബെള്ളൂര്‍ ജുമാമസ്ജിദ് അങ്കണത്തിലും ദിഡുപ്പയിലെ ബീഫാത്തിമയുടെ മയ്യത്ത് കോട്ടക്കുന്ന് ജുമാമസ്ജിദ് അങ്കണത്തിലും ഖബറടക്കി. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് മരിച്ച അഞ്ചുപേരുടേയും വീടുകളുള്ളത്. അപകട വിവരമറിഞ്ഞതുമുതല്‍ ഈ വീടുകളിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. വിദേശത്തുണ്ടായിരുന്ന മക്കളും മരുമക്കളും അടുത്തബന്ധുക്കളുമടക്കമുള്ള പലരും ഇന്ന് രാവിലെയോടെ നാട്ടിലെത്തി. ദുബായിലുള്ള അസറുദ്ദീന്‍, ഡിഗ്രി വിദ്യാര്‍ത്ഥിനി സന എന്നിവരാണ് ഉമ്മാലിയുമ്മയുടെ മക്കള്‍. ഷാദി മരുമകളാണ്. മുംതാസ്, മുനീറ, മുബഷിര്‍ (അബുദാബി) എന്നിവരാണ് മൊഗറിലെ ബീഫാത്തിമയുടെ മക്കള്‍. മഹമൂദ് ആലംപാടി, ജലീല്‍ പേരാല്‍ എന്നിവര്‍ മരുമക്കളാണ്. മുഹമ്മദ് മുര്‍തള, ഫൗസിയ, ആയിഷ, ഫായിസ, നസിയ എന്നിവരാണ് നഫീസയുടെ മക്കള്‍. ഷംസു ഉപ്പള, സുഹൈല്‍ എരിയാല്‍, അംസു ബെള്ളൂര്‍, നാസര്‍ കമ്പാര്‍ എന്നിവര്‍ മരുമക്കളാണ്. ദിഡുപ്പയിലെ ബീഫാത്തിമയുടെ മക്കള്‍: റഊഫ് (ബംഗളൂരു), ഹാരിസ് (ദുബായ്), അനസ് (സൗദി), തസ്‌രിയ, റുഖിയ, മാസിത, ആഷിഖ. മരുമക്കള്‍: സൈദ, സാഹി, അഫീഫ, സുലൈ ചായിത്തോട്ടം, സലാം, അഷ്‌റഫ് മൊഗ്രാല്‍, മുഷ്താഖ് ദേശാംകുളം (ദുബായ്). സഹോദരങ്ങള്‍: സി.എച്ച് അബ്ദുല്ല, റഷീദ്, സുഹറ. തായലങ്ങാടിയിലെ പരേതരായ അബൂബക്കര്‍ ഹാജിയുടേയും ഖദീജയുടേയും മകനാണ് ഓട്ടോ ഡ്രൈവര്‍ റഊഫ്. നേരത്തെ ഗള്‍ഫിലായിരുന്നു. ഒരാഴ്ചമുമ്പാണ് പുതിയ ഓട്ടോ വാങ്ങിയത്. ഭാര്യ: റംല. മക്കള്‍: റഹ്‌ന, റൈഫ, റഹീസ്. മരുമകന്‍: മുനവ്വര്‍ തളങ്കര. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി നാലാംമൈല്‍, ബഷീര്‍ ആനബാഗില്‍, ഷുക്കൂര്‍ ചക്കര ബസാര്‍, മൂസ അടുക്കത്ത്ബയല്‍, ജമീല, സുഹറ, ഫാത്തിമാബി, ആമിന, ഖൈറുന്നിസ, നജ്മുന്നിസ, പരേതരായ ആയിഷ, ഖദീജ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!