KSDLIVENEWS

Real news for everyone

ഗുണ്ടാ നിയന്ത്രണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം: എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിന് നിർദേശം

SHARE THIS ON

ഇടുക്കി: ഗുണ്ടാ വിളയാട്ടം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപഴ്‍സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. 2022 അവസാനം പൊലീസ് തയാറാക്കിയ ഗുണ്ടകളുടെ പട്ടികയിൽ 2,272 പേരാണ് ഉണ്ടായിരുന്നതെന്നും ഇത് ഒന്നരവർഷം കൊണ്ട് 2,815 ആയി ഉയർന്നുവെന്നും ഉള്ള പരാതിയിലാണ് കമ്മീഷന്റെ നിർദേശം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1,358 വധശ്രമങ്ങളും നടന്നതായി പരാതിക്കാരനായ ഗിന്നസ് മാടസാമി തന്റെ പരാതിയിൽ ആരോപിച്ചിരുന്നു.

ഇതോടെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ ഗുണ്ടാ വിളയാട്ടം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആന്റി സോഷ്യൽ റജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിക്കാറുണ്ടെന്നും ഗുണ്ടകളെ നിരീക്ഷിക്കുന്നതിന് ഓഗ്മെന്റ് ആക്ഷൻ എഗൈൻസ്‌റ്റ് ആന്റി സോഷ്യൽസ് ആന്റ് ഗുണ്ടാസ് നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതിന് പുറമെ മയക്കുമരുന്ന് തടയാൻ ഡി.ഹണ്ട്, കുട്ടികൾക്കെതിരെയുള്ള അക്രമം തടയാൻ പി.ഹണ്ട്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സി.വൈ ഹണ്ട്, ആയുധ ദുരുപയോഗം തടയാൻ ജി.ഹണ്ട് എന്നീ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് എം.ആർ അജിത്കുമാർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എഡിജിപി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗുണ്ടകളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ എഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!