എയർപോർട്ട് ടെർമിനലിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം ; സംശയത്തിൽ വിമാനത്തിൽ നിന്നിറക്കി 13 ആസ്ട്രേലിയൻ സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി പരിശോധിച്ചു ; ഖത്തറിനെതിരെ പ്രതിഷേധവുമായി ആസ്ട്രേലിയ
പതിമൂന്ന് ആസ്ട്രേലിയന്‍ വനിതകളെ ദോഹ വിമാനത്താവളത്തില്‍ പൂര്‍ണ്ണ നഗനരാക്കി ലൈംഗികാവയവത്തില്‍ വരെ പരിശോധന നടത്തിയത് വന്‍വിവാദമാകുന്നു. വിമാനത്താവളത്തിലെ ടെര്‍മിനലിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ കൈവിട്ട നടപടി. കഴിഞ്ഞ മാസമായിരുന്നു ഈ കാടന്‍ നടപടി അരങ്ങേറിയത്. ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇതിനെതിരെ കടുത്ത പ്രതിഷേധം ഖത്തറിനെ അറിയിച്ചിട്ടുണ്ട്.
ശുചിമുറിയില്‍ പ്രായംതികയാതെയുള്ള പ്രസവത്തില്‍ മരിച്ച ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന്, എയര്‍ലൈന്‍ ജീവനക്കാര്‍, സിഡ്നിയിലേക്ക് പറക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന വിമാനത്തിലെ സ്ത്രീകളെ നിര്‍ബന്ധിച്ച് പുറത്തിറക്കി വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ഒരു ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. അതിനുശേഷമാണ് ഈ സ്ത്രീകളോട് അവരുടെ അടിവസ്ത്രമുള്‍പ്പടെയുള്ളവ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്. അവരുടെ സമ്മതമില്ലാതെ തന്നെ അലൈംഗികാവയവ പരിശോധനയും നടന്നു.
ഈ നികൃഷ്ടമായ നടപടിക്ക് മുന്‍പായി ശുചിമുറിയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ട വിവരം ഈ സ്ത്രീകളെ അറിയിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. ഇപ്പോള്‍ ഇത് ആസ്ട്രേലിയന്‍-ഖത്തര്‍ സര്‍ക്കാരുകള്‍ക്കിടയില്‍ വളരെ ഗുരുതരമായ ഒരു പ്രശ്നമായി ഉയര്‍ന്ന് വന്നിരിക്കുകയാണ്. ആസ്ട്രേലിയന്‍ വിദേശകാര്യ വകുപ്പ് ഇത് ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും ആദ്യപടിയായി തങ്ങളുടെ പ്രതിഷേധംഖത്തര്‍ സര്‍ക്കരിനെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള വിശദവും സുതാര്യമായതുമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഖത്തര്‍ തയ്യാറായിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ആസ്ട്രേലിയയില്‍ തിരികെയെത്തി ഹോട്ടല്‍ ക്വാറന്റൈനില്‍ ഇരിക്കുന്ന അവസരത്തിലാണ് ഇവര്‍ ഇതിനെ കുറിച്ച് പരാതിപ്പെട്ടതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആസ്ട്രേലിയന്‍ സര്‍ക്കാരിന് നേരിട്ടൊരു അന്വേഷണം നടത്താനുള്ള അധികാരമില്ല. എന്നാല്‍, വിദേശകാര്യ വകുപ്പ് ഖത്തര്‍ സര്‍ക്കാരുമായി സഹകരിച്ച് ഈ പരാതിയെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇത് പുറത്തുകൊണ്ടുവന്ന ഡെയ്ലി മെയില്‍ ആസ്ട്രേലിയ ഖത്തര്‍ എയര്‍വേയ്സുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഒരു മറുപടി ലഭിച്ചിട്ടില്ല.