എന്റെ ഹീറോ ഇനിയില്ലെന്ന് ഗാംഗുലി, കായികലോകത്തിന്റെ നഷ്ടമെന്ന് സച്ചിന്; അനുശോചിച്ച് ക്രിക്കറ്റ് ലോകം

ന്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാടിൽ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം. എന്റെ ഹീറോ ഇനിയില്ലെന്ന് മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അനുസ്മരിച്ചു. എന്റെ ഭ്രാന്തൻ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു, നിങ്ങൾ കാരണമാണ് ഞാൻ ഫുട്ബോൾ കണ്ടത് – ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.
ഫുട്ബോളിനും ലോക കായിക മേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അനുസ്മരിച്ചു. മറഡോണയുടെ വേർപാടിൽ ഏറെ ദുഖമുണ്ടെന്ന് യുവരാജ് സിങ് ട്വീറ്റ് ചെയ്തു. ആഘോഷിക്കാൻ നിരവധി നിമിഷങ്ങൾ സമ്മാനിച്ച ഞങ്ങളുടെ ബാല്യകാല താരമായിരുന്നു മറഡോണ. നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലും ഓർമകളിലും ജീവിക്കുമെന്ന് സുരേഷ് റെയ്ന അനുസ്മരിച്ചു.
കായിക ലോകത്തെ അധികമാർക്കും അവർ ഒരു തലമുറയെ പ്രചോദിപ്പിച്ചുവെന്ന് പറയാൻ സാധിക്കില്ല. എന്നാൽ മികച്ച താരങ്ങൾ പല തലമുറകളെയും പ്രചോദിപ്പിക്കും. യഥാർഥത്തിൽ മറഡോണ ചെയ്തത് അതാണ് – മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോൺ ഓർമിച്ചു. മറഡോണ എന്ന പ്രതിഭ കാരണമാണ് താൻ ഫുട്ബോൾ കണ്ട് വളർന്നതെന്ന് മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർധന ട്വിറ്ററിൽ കുറിച്ചു.
എല്ലാ കായിക താരങ്ങൾക്കും വലിയ പ്രചോദനമായിരുന്ന മാറഡോണയെന്ന് മുൻ പാക് താരം ശുഹൈബ് അക്തർ അനുശോചിച്ചു. മറഡോണയുടെ വേർപാട് വലിയ ആഘാതമാണെന്ന് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു.
ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് മറഡോണ ലോകത്തോട് വിടപറഞ്ഞത്.

