KSDLIVENEWS

Real news for everyone

പച്ചക്കറി, വെള്ളം, ഗ്യാസ്; കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിന് തയ്യാറെടുത്ത്

SHARE THIS ON

ഛത്തീസ്ഗഢ്: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകർ എത്തുന്നത് ഭക്ഷണസാധനങ്ങളുമായി. വ്യാഴാഴ്ച ആരംഭിച്ച ഡൽഹി ചലോ മാർച്ചിൽ നൂറുകണക്കിന് കർഷകരാണ് ട്രാക്ടറിൽ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്നത്. ഹരിയാണ സർക്കാർ അഞ്ചു സംസ്ഥാനങ്ങളിൽനിന്നുള്ള ഈ പ്രതിഷേധക്കാരെ അതിർത്തിയിൽ തടയുകയും ജലപീരങ്കി അടക്കമുള്ളവ പ്രയോഗിക്കുകയും ചെയ്തെങ്കിലും അവരെ പിന്തിരിപ്പിക്കാനായിട്ടില്ല.

രണ്ടര-മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും തങ്ങൾ സഞ്ചരിക്കുന്ന ട്രാക്ടറുകളിൽ കരുതിയിട്ടുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. ഡൽഹിയിലെത്തിയാൽ സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാൻ തയ്യാറായാണ് കർഷകർ എത്തിയിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഇതിനായി ഇവർ തങ്ങളുടെ ട്രാക്ടറുകളെ പ്രത്യേക രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. അയ്യായിരം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക്, ഗ്യാസ് അടുപ്പ്, ഇൻവെർട്ടർ, പച്ചക്കറികൾ തുടങ്ങിയവയെല്ലാം ട്രാക്ടറുകളിലുണ്ട്. കിടക്കകൾ, പായ എന്നിവയുമുണ്ട്. കൂടാതെ, രാത്രിയിലെ തണുപ്പിൽനിന്ന് രക്ഷപ്പെടാൻ ട്രാക്ടറിനെ ആകെ മൂടുന്ന വിധത്തിലുള്ള താർപ്പായയും കരുതിയിട്ടുണ്ട്. ഉടനൊന്നും തിരികെ വീട്ടിലേയ്ക്ക് പോകാൻ ഉദ്ദേശിച്ചല്ല തങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ഇവർ പറയുന്നു.

ഇന്ന് ഹരിയാണ അതിർത്തിയിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു. ഒരു പാലത്തിൽ പോലീസ് ബാരിക്കേഡുകൾ വെച്ച് പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് ബാരിക്കേഡുകൾ പുഴയിലേയ്ക്ക് വലിച്ചെറിയുകയും വടികളും മറ്റും ഉപയോഗിച്ച് പോലീസിനെ നേരിടുകയും ചെയ്തു. രണ്ടു മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിനും ശേഷം പ്രക്ഷോഭകർ പാലം കടക്കുകയും ഹരിയാനയിൽ പ്രവേശിക്കുകയും ചെയ്തു.

പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുളള കർഷകരാണ് ഇന്നും നാളെയുമായി ഡൽഹിയിലേക്ക് മാർച്ച് നത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർഷക റാലിക്ക് ഡൽഹി സർക്കാർ അനുമതി നൽകിയിട്ടില്ല. മാർച്ചിന്റെ പശ്ചാത്തലത്തിൽ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങി ഡൽഹി അതിർത്തികളിൽ വൻ സുരക്ഷാസന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!