KSDLIVENEWS

Real news for everyone

അര്‍ജന്റീനയെ ഞെട്ടിച്ച സൗദി പോളണ്ടിന് മുന്നില്‍ വീണു, വിജയശില്പികളായി ലെവന്‍ഡോവ്‌സ്കിയും സെലിന്‍സ്കിയും

SHARE THIS ON

ദോഹ : അര്‍ജന്റീനയെ തകര്‍ത്ത് അട്ടിമറിക്ക് തുടക്കമിട്ട സൗദി അറേബ്യ പോളണ്ടിന് മുന്നില്‍ വീണു. എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സൗദിയെ കീഴടക്കിയ പോളണ്ട് ഗ്രൂപ്പ് സിയില്‍ പ്രീ ക്വാര്‍ട്ടര്‍ സാദ്ധ്യത സജീവമാക്കി. ഒരു പെനാല്‍ട്ടിയും ഒരു ഡസനോളം അവസരങ്ങളും തുലച്ച സൗദി മികച്ച പോരാട്ടമാണ് പോളണ്ടിനെതിരെ പുറത്തെടുത്തത്.

ആദ്യ പകുതിയില്‍ പോയ്റ്റര്‍ സെലിന്‍സ്കിയും രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുമാണ് പോളണ്ടിനായി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ സൗദിയുടെ സലിം അല്‍ദവാസിരി എടുത്ത പെനാല്‍റ്റി കിക്ക് സേവ് ചെയ്ത പോളിഷ് ഗോളി സ്ഷീഷെന്‍സ്കിയാണ് മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കിയത്.

കച്ച ഒത്തിണക്കത്തോടെ മികച്ച ആക്രമണങ്ങളുമായാണ് സൗദി തുടങ്ങിയത്. മറുവശത്ത് മെക്സിക്കോയോട് സമനില വഴങ്ങിയതിനെത്തുടര്‍ന്ന് നോക്കൗട്ടിലെത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ പോളണ്ടും ലെവന്‍ഡോവ്സ്കിയുടെ നേതൃത്വത്തില്‍ നിറഞ്ഞാടുകയായിരുന്നു.

39-ാം മിനിട്ടിലാണ് സെലിന്‍സ്കിയിലൂടെ പോളണ്ട് ലീഡെടുത്തത്. എന്നാല്‍ 44-ാം മിനിട്ടില്‍ അല്‍ ഷെ‌ഹ്‌രിയെ പോളണ്ടിന്റെ ക്രിസ്റ്ര്യന്‍ ബെയ്ലിക് ഫൗള്‍ ചെയ്തതിന് സൗദിക്ക് പെനാല്‍റ്റി ലഭിച്ചു. വാറിന്റെ സഹായത്തോടെയാണ് സൗദിക്ക് പെനാല്‍റ്റി കിട്ടിയത്.

അല്‍ ദാവാരിയെടുത്ത പെനാല്‍റ്റി കിക്ക് മനോഹരമായി തട്ടിക്കളഞ്ഞ ഷെസ്നി റീബൗണ്ടില്‍ നിന്ന് മുഹമ്മദ് അല്‍ ബ്രേയ്‌കിന്റെ ഗോള്‍ ശ്രമവും പരാജയപ്പെടുത്തി പോളണ്ടിന്റെ രക്ഷകനായി.

അര്‍ജന്റീനയ്ക്കെതിരെയെന്ന പോലെ രണ്ടാം പകുതിയിലും തുടക്കം മുതല്‍ സൗദി ആക്രമിച്ചുകയറി. മറുവശത്ത് പോളണ്ടും ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. 64-ാം മിനിട്ടില്‍ അര്‍കാദിയുസ് മിലികിന്റെ തകര്‍പ്പന്‍ ഡൈവിംഗ് ഹെഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് കണ്ട് പോളിഷ് ആരാധകര്‍ തലയില്‍ കൈവച്ചു. സൗദി താരങ്ങള്‍ ആക്രമണം കനപ്പിച്ചതോടെ തുറന്ന് കിട്ടിയ അവസരങ്ങള്‍ മുതലാക്കി പോളണ്ടും അവസരങ്ങള്‍ സൃഷിടിച്ചു. 82-ാംമിനിട്ടില്‍ സൗദി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലെവന്‍ഡോവ്സ്കി പോളണ്ടിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടുകയായിരുന്നു. മെക്സിക്കോയ്ക്ക് എതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തമായി ലെവന് ഈ ഗോള്‍.

യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ കന്നി ലോകകപ്പ് ഗോളിനാണ് ഇന്നലെ ഖത്തര്‍ സാക്ഷ്യം വഹിച്ചത്. 82-ാം മിനിട്ടില്‍ ഡിഫന്‍ഡര്‍ അല്‍ മല്‍ക്കിയുടെ പിഴവ് മുതലെടുത്താണ് ലെവന്‍ സ്കോര്‍ ചെയ്തത്.

ആദ്യ മത്സരത്തില്‍ ആസ്ട്രേലിയ 1-0ത്തിന് ടുണീഷ്യയെ തോല്‍പ്പിച്ചു. ഒരു വ്യാഴവട്ടത്തിന് ശേഷമാണ് ആസ്ട്രേലിയ ലോകകപ്പില്‍ വിജയം നേടുന്നത്. 23-ാം മിനിട്ടില്‍ മിച്ചല്‍ ഡ്യൂക്കാണ് വിജയ ഗോളടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!