ലോകകപ്പിലെ ആദ്യ ഗോള്‍! കണ്ണീരണിഞ്ഞ് ലെവന്‍ഡോവ്സ്കി

ദോഹ: ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍, ക്ലബ്ബിനും രാജ്യത്തിനുമായി അഞ്ഞൂറിലധികം ഗോളുകള്‍, ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം… പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി നേടാത്ത അംഗീകാരങ്ങളില്ല. ഫുട്ബോളില്‍ പടവുകളോരോന്നായി കയറുമ്പോഴും ഫിഫ ലോകകപ്പില്‍ ഇതുവരെ ഒരു ഗോളുപോലും നേടാനായിട്ടില്ല എന്ന സങ്കടം അദ്ദേഹത്തിന്റെ മനസ്സില്‍ എപ്പോഴും ഒരു വിങ്ങലായി അവശേഷിച്ചു. ഒടുവില്‍ ആ വേദന ലെവന്‍ഡോവ്സ്കി സന്തോഷമാക്കി മാറ്റി. അതെ… ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ കുറിച്ചിരിക്കുകയാണ് സൂപ്പര്‍താരം ലെവന്‍ഡോവ്സ്കി.
സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിനിടെ 82-ാം മിനിറ്റിലാണ് ലെവന്‍ഡോവ്സ്കി ഗോളടിച്ചത്. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലെവന്‍ഡോവ്സ്കി സൗദി പ്രതിരോധതാരം അല്‍ മാലികിയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി വലകുലുക്കുമ്പോള്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി. പിന്നാലെ ലെവന്‍ഡോവ്സ്കി ഗ്രൗണ്ടില്‍ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. പോളിഷ് നായകനെ ആശ്വസിപ്പിക്കാന്‍ സഹതാരങ്ങള്‍ വന്ന് മൂടി. മെക്സിക്കോയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പാഴാക്കിയ നിര്‍ണായക പെനാല്‍റ്റി കിക്കിന്റെ കുറ്റബോധം മുഴുവന്‍ ഈ ഗോളിലൂടെ അദ്ദേഹം കഴുകിക്കളഞ്ഞു.
മത്സരത്തില്‍ ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്സ്കി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 39-ാം മിനിറ്റില്‍ പിയോട്ടര്‍ സിയെലിന്‍സ്കി ഗോളടിക്കുമ്പോള്‍ അതിന് വഴി വെച്ചത് ലെവന്‍ഡോവ്സ്കിയുടെ ക്രോസാണ്. ഈ വിജയത്തോടെ പോളണ്ടിനെ നോക്കൗട്ട് റൗണ്ടിന്റെ അടുത്തെത്തിക്കാന്‍ ലെവന്‍ഡോവ്സ്കിയ്ക്ക് സാധിച്ചു.

