KSDLIVENEWS

Real news for everyone

കാസർകോടിന്റെ ടൂറിസം മേഖലക്ക് മനോഹാരിത പകർന്ന്സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകാൻ ഇനി ബാവിക്കരയും

SHARE THIS ON

പൊയിനാച്ചി: നാടിന്റെ പ്രകൃതിഭംഗിയും കുളിരും അനുഭവിച്ച് ഇഷ്ടയാത്ര ചെയ്യാനുള്ള പട്ടികയിൽ ഇനി ബാവിക്കരയും. പ്രാദേശിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്ന ബാവിക്കരയെയും മഹാലക്ഷ്മിപുരത്തെയും ബന്ധപ്പെടുത്തിയുള്ള പയസ്വിനിപ്പുഴയിലെ ബാവിക്കര റഗുലേറ്റർ ടൂറിസം പദ്ധതി നടപ്പാക്കാൻ ടെൻഡറായി. തിരുവനന്തപുരം വാഴോട്ടുകോണത്തെ ബാങ്കേഴ്സ് കൺസ്ട്രക്ഷനാണ് നിർമാണം ഏറ്റെടുത്തത്. 4,00,70,017 രൂപയാണ് കരാർ തുക. ടൂറിസം വകുപ്പിന്റെ അക്രഡിറ്റഡ് ഏജൻസി പട്ടികയിലുള്ള തിരുവനന്തപുരം പൂജപ്പുരയിലെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ്‌ ചുമതല.

2022-23-ലെ സംസ്ഥാന ബജറ്റിൽ പദ്ധതിക്ക് ഒരുകോടിരൂപ നീക്കിവെച്ചതോടെയാണ് ബാവിക്കര റഗുലേറ്റർ കേന്ദ്രീകരിച്ചുള്ള പ്രാദേശിക ടൂറിസത്തിന്‌ വഴിതെളിഞ്ഞത്.

രണ്ടുഘട്ടമായി :രണ്ടുഘട്ടമായാണ് ഇവിടെ ടൂറിസം വികസനം നടപ്പാക്കുക. ആദ്യഘട്ടത്തിൽ അടിസ്ഥാനസൗകര്യത്തിനും മറ്റുമാണ് മുൻഗണന. 120.4 മീറ്റർ നീളവും 13.6 മീറ്റർ ഉയരവുമുള്ള ബാവിക്കര റഗുലേറ്റർ 2021 ഫെബ്രുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. 27.75 കോടി ചെലവിൽ യാഥാർഥ്യമായ ജില്ലയിലെ എറ്റവും വലിയ ശുദ്ധജല വിതരണ പദ്ധതിയാണിത്. മൂന്നുമീറ്റർ ഉയരത്തിലാണ് വേനലിൽ പുഴയിൽ വെള്ളം കെട്ടിനിർത്തുന്നത്.

ഏഴുകിലോമീറ്ററോളം ഭാഗത്ത് ഇതുകാരണം ജലനിരപ്പുയരുന്നു. മഹാലക്ഷ്മിപുരം മഹിഷമർദിനിക്ഷേത്രം, മുനമ്പം-മഹാലക്ഷ്മിപുരം തൂക്കുപാലം എന്നിവ ഇതിനടുത്താണ്. പയസ്വിനിപ്പുഴയിൽ കരിച്ചേരിപ്പുഴ കൂടി ചേരുന്ന പ്രത്യേകതയും ഇവിടത്തെ വേറിട്ടതാക്കുന്നു.

മുളിയാർ, ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളാണ് പുഴയ്ക്ക് അതിരിടുന്നത്. ബേഡഡുക്ക-ചെമ്മനാട് പഞ്ചായത്തുകളെ ബന്ധപ്പെടുത്തി ഈ മാസം ഭരണാനുമതി ലഭിച്ച 17.70 കോടിയുടെ മുനമ്പം കോൺക്രീറ്റ് പാലം വരുന്നതും പദ്ധതിപ്രദേശത്താണ്. രണ്ട് ദിശകളിലൂടെ പാണ്ടിക്കണ്ടം റഗുലേറ്റർ വരെയും കരിച്ചേരി വരെയും ബോട്ട് സവാരിയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യം. മുനമ്പം, ബാവിക്കര, അരമനപ്പടി പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ ഭാവിയിൽ ബാവിക്കരയിലേക്കും മഹാലക്ഷ്മിപുരത്തേക്കും ഏതുഭാഗത്തുനിന്നും എളുപ്പമെത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!