ആംബുലൻസിലും മർദിച്ചു, ഫോൺ തല്ലിപ്പൊട്ടിച്ചു, മകൾക്ക് ഇനി അവനൊപ്പം ജീവിക്കാനാകില്ല- പന്തീരങ്കാവ് കേസിലെ പരാതിക്കാരിയായ യുവതിയുടെ പിതാവ്

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിനെതിരേ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയുടെ പിതാവ്. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും മകളെ രാഹുല്‍ മര്‍ദിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
‘ആംബുലന്‍സില്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അവന് മര്‍ദിക്കുകയായിരുന്നു. ഇനിയും ഇതില്‍ കൂടുതലായി അവന്റെ ക്രൂരതകളെക്കുറിച്ച് പറയാനില്ല, സുഖമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴും ഇത്രത്തോളം ക്രൂരത ചെയ്യുന്നവന്റെ മനസ് എന്തായിരിക്കുമെന്ന് ഇനി പറയേണ്ടതില്ലല്ലോ”, പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
”തിങ്കളാഴ്ച രാത്രിയാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍നിന്ന് പോലീസ് ഞങ്ങളെ വിളിച്ച് വിവരം പറയുന്നത്. മകളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും അവളെ വന്ന് കൂട്ടിക്കൊണ്ട് പോകണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ വിളിച്ചത്. അപ്പോഴാണ് വീണ്ടും മകള്‍ക്ക് മര്‍ദനമേറ്റ വിവരമെല്ലാം ഞങ്ങള്‍ അറിയുന്നത്. അവളുടെ മൊബൈല്‍ ഫോണെല്ലാം അവന് തല്ലിപ്പൊട്ടിച്ചിരുന്നു.
കേസ് ഹൈക്കോടതിയിലടക്കം എത്തിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളൂ. ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് ഇരുവരും തീരുമാനമെടുക്കുകയായിരുന്നു. ഇത്രയും കോലാഹലം സൃഷ്ടിച്ച് കോടതി കയറിയ സംഭവം, ആ സ്ഥിതിക്ക് അവര്‍ അവരുടെ തീരുമാനപ്രകാരം ഇനി ജീവിച്ച് കാണിച്ചുകൊടുക്കുകയായിരുന്നു വേണ്ടത്. എന്നാല്‍, അതല്ല ഉണ്ടായത്. പകരം പിന്നേയും അവളെ അവന് മര്‍ദിക്കുകയായിരുന്നു. ഇനിയും അവനോടൊപ്പം ജീവിക്കാന്‍ കഴിയില്ല. മകളെ തിരികെ എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടുപോരുകയാണ്”, പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലാണ് രാഹുല്‍ മര്‍ദിച്ചതെന്നാണ് പുതിയ കേസിൽ യുവതിയുടെ മൊഴി. പെണ്‍കുട്ടിയുടെ ചുണ്ടിലും കഴുത്തിലും തലയിലുമെല്ലാം മര്‍ദനത്തിന്റെ പാടുകളുണ്ട്. പഴയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി ഒന്നരമാസത്തിനിടെയാണ് പുതിയ കേസ്.
പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്ന് തിങ്കളാഴ്ച രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, പോലീസ് എത്തിയപ്പോള്‍ തനിക്ക് പരാതിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി. കൂടാതെ വിവരം വീട്ടുകാരെ അറിയിക്കണമെന്നും അവരോടൊപ്പം പോകാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിയാണ് യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ മേയിലാണ് രാഹുലിനെതിരെ യുവതി ആദ്യം ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ഇതിനിടെ പരാതി പിന്‍വലിക്കുകയാണെന്നും രാഹുലിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ രാഹുലിനെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസ് ഇനി 29-ാം തീയതി കോടതി പരിഗണിക്കും.

