പ്രതിഷേധിക്കുന്ന ഇമ്രാൻ അനുകൂലികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ട് പട്ടാളം; മരണം അഞ്ചായി

ഇസ്ലാമാബാദ്: പാകിസ്താന് മുന്‍പ്രധാനമന്ത്രിയും പി.ടി.ഐ. പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന് ഖാനെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനുയായികളുടെ പ്രതിഷേധത്തെ നേരിടാന്‍ രംഗത്തിറങ്ങി പാക് പട്ടാളം. പ്രതിഷേധക്കാരെ കണ്ടാല്‍ ഉടന്‍ വെടിയുതിര്‍ക്കാനുള്ള ഉത്തരവ് പട്ടാളം പുറത്തിറക്കി. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിലെ തെരുവുകളില്‍ പ്രതിഷേധം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് സൈന്യത്തോട് ഇടപെടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപോലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നുള്ള ആക്രമണം, യുദ്ധഭീഷണി തുടങ്ങിയ സാഹചര്യങ്ങളിൽ പാകിസ്താനെ സംരക്ഷിക്കാന്‍ സായുധസേനയ്ക്ക് അനുമതി നല്കുന്ന 245-ാം വകുപ്പ് പ്രകാരമാണ് പ്രതിഷേധക്കാരെ കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ആരെയും വെറുതേവിടരുതെന്ന് പട്ടാളക്കാര്‍ക്കുള്ള ഉത്തരവില്‍ പറയുന്നതായി പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് മുന്നറിയിപ്പ് മറികടന്നാണ് പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇമ്രാന് ഖാനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇസ്ലാമാബാദിലേക്ക് ഒഴുകിയെത്തിയത്. ഇമ്രാനെ മോചിപ്പിക്കുക, തിരഞ്ഞെടുപ്പ് ഫലത്തില്‍ നടത്തിയ കൃത്രിമത്വം തിരുത്തുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ക്രിക്കറ്റില്‍നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഇമ്രാന് ഖാനുമേല്‍ വഞ്ചന, അഴിമതി, രാജ്യദ്രോഹം തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വിലക്ക് നേരിട്ട ഇമ്രാന്, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍, പി.ടി.ഐ. മത്സരിക്കുകയും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ മറ്റ് പാര്‍ട്ടികളുടെ സഖ്യമാണ് അധികാരത്തിലെത്തിയത്.
ശനിയാഴ്ച മുതല്‍ കനത്ത സുരക്ഷാവലയത്തിലാണ് ഇസ്ലാമാബാദ്. വന്‍ പോലീസ്-സുരക്ഷാസേനാ വിന്യാസമാണ് നടത്തിയിരിക്കുന്നത്. തോക്കുകളും റൈഫിളുകളും കണ്ണീര്‍വാതക ഷെല്ലുകളും ഇവരുടെ പക്കലുണ്ട്. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്. പ്രതിഷേധക്കാരെ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍, രണ്ടുമാസത്തേക്ക് പൊതുസമ്മേളനങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

