സബ് ജയിലിലെ മുബഷിറിന്റെ ദുരൂഹ മരണം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ജില്ലാ ജനകീയ നീതി വേദി

കാസർകോട്: കാസർകോട് സബ് ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദേളി ജംഗ്ഷൻ കുന്നുപാറ സ്വദേശിയായ മുബഷിർ എന്ന യുവാവിന്റെ മരണത്തിൽ ഗൂഢാലോചനയും ഗൗരവമായ അലംഭാവവുമുണ്ടെന്ന സംശയം ശക്തമാകുന്നു. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി സമഗ്രവും നിർണായകവുമായ അന്വേഷണം നടത്തണം എന്ന് ജില്ലാ ജനകീയ നീതിവേദി ആവശ്യപ്പെട്ടു.
നീതിവേദി പ്രസിഡൻറ് സൈഫുദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈ എന്നിവർ മുഖ്യമന്ത്രിക്കും ജയിൽ ഐ.ജിക്കും നൽകിയ പരാതിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ, ജയിലിൽ സന്ദർശിക്കാൻ എത്തിയ ബന്ധുക്കളോട് മുബഷിർ “ജയിലിൽ കനത്ത പീഡനത്തിനിരയാകുന്നുവെന്നും, രാത്രികളിൽ കഴിക്കാൻ ഒരു ഗുളിക നൽകുന്നുവെന്നും” വെളിപ്പെടുത്തിയിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ സാക്ഷ്യം.
ശാരീരികമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു യുവാവ് പെട്ടെന്ന് മരണമടഞ്ഞത് കൂടുതൽ സംശയങ്ങൾ ഉയർത്തുന്നതായും, ജയിൽ അധികൃതരുടെ അലംഭാവവും നിരക്ഷ്യവും സംഭവത്തിന് പിന്നിലെന്നുമുള്ള സൂചനകൾ അവഗണിക്കാൻ പറ്റില്ല എന്നും നീതിവേദി ചൂണ്ടിക്കാട്ടി.
മുബഷിറിന്റെ മരണത്തിൽ ജയിൽ ജീവനക്കാരുടെ പങ്ക് ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്ന സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണം ഉടൻ ആരംഭിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. സംഭവം സത്യാവസ്ഥ സഹിതം പുറത്തുകൊണ്ടുവരാൻ സർക്കാർ അടിയന്തിര ഇടപെടലുമായി മുന്നോട്ട് വരണമെന്ന് നീതിവേദി ആവശ്യപ്പെട്ടു.

