KSDLIVENEWS

Real news for everyone

‘ഒരോ മണിക്കൂറിലും ഒരു കുട്ടി കൊല്ലപ്പെടുന്നു’; ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ യുഎൻആര്‍ഡബ്ല്യുഎ

SHARE THIS ON

തെല്‍ അവീവ്: ഒരു വർഷത്തിലധികമായി തുടരുന്ന ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയില്‍ കുറഞ്ഞത് 14,500 കുട്ടികള്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതായി ഫലസ്തീൻ അഭയാർഥികള്‍ക്കായി പ്രവർത്തിക്കുന്ന യുഎൻ എജൻസിയായ യുഎൻആർഡബ്ല്യുഎ.

”ഓരോ മണിക്കൂറിലും ഒരു കുട്ടി കൊല്ലപ്പെടുന്നു. ഇവ വെറും സംഖ്യകളല്ല, ഇല്ലാതെയാകുന്ന ജീവനുകളാണ്” – യുഎൻആർഡബ്ല്യുഎ പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടികളെ കൊല്ലുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല, വിദ്യാഭ്യാസവും സാധാരണ ജീവിതവുമെല്ലാം നഷ്ടപ്പെട്ട് തകർന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിക്കുകയാണ് ഗസ്സയിലെ കുരുന്നുകള്‍. സങ്കല്‍പ്പിക്കാനാവാത്ത ഭീകര അനുഭവങ്ങളാണ് അവർക്കു സഹിക്കേണ്ടിവരുന്നത്. അവരുടെ കുടുംബവും വീടുകളും നഷ്ടപ്പെട്ടു. ഓരോ ദിവസവും കൂടുതല്‍ കുട്ടികള്‍ക്ക് ജീവൻ നഷ്ടപെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നുവെന്നും കുട്ടികളുടെ ക്ഷേമത്തിനായുള്ള യുഎൻ ഏജൻസിയായ യുനിസെഫ് അറിയിച്ചു.

ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച്‌ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 45,338 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 107,764 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലെ തകർന്ന വീടുകളുടെ അവശിഷ്ടങ്ങള്‍കിടയില്‍ കുടുങ്ങിയ 11,000 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണവും ഉപരോധവും മൂലം ഗസ്സയിലെ ജനങ്ങള്‍ കടുത്ത പട്ടിണിയിലാണ്. ഇവിടെ കുട്ടികള്‍ തന്നെയാണ് കൂടുതലും ഇരകളാവുന്നത്. 20 ലക്ഷം ആളുകളാണ് ഗസ്സയില്‍ ഭവനരഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!