പണം ചോദിച്ചു: തൃശ്ശൂർ മേയറെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി; തുറന്നടിച്ച് ലാലി

തൃശ്ശൂർ: തൃശ്ശൂർ മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ഡോ.നിജി ജസ്റ്റിനെ കഴിഞ്ഞ ദിവസം മേയറായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മേയർ സ്ഥാനാർഥി പട്ടികയിൽ പ്രഥമ പരിഗണനയിലുണ്ടായിരുന്ന ലാലി ജെയിംസ് ഇടഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് വിപ്പ് സ്വീകരിക്കാൻ ലാലി തയ്യാറായില്ല. പണം കൈപ്പറ്റിയാണ് മേയർ പദവിയിൽനിന്ന് തന്നെ തഴഞ്ഞതെന്ന ഗുരുതരമായ ആരോപണവും അവർ ഉയർത്തി.
‘എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നറിയില്ല. മൂന്ന് ദിവസം മുമ്പ് ഡിസിസിയിലേക്ക് വിളിപ്പിച്ചിരുന്നു. പാർട്ടിക്ക് പ്രവർത്തിക്കാൻ ഫണ്ട് ആവശ്യമാണെന്ന് അറിയാമല്ലോയെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. എന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞു. പണം ഉണ്ടാക്കാനായി ഇത്രയും കാലം പൊതുപ്രവർത്തനത്തെ ഉപയോഗിച്ചിട്ടില്ല എന്നും മറുപടി നൽകി. മിനിയാന്ന് രാത്രിയും വിളിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട മൂന്ന് നേതാക്കൾ അവിടെ ഉണ്ടായിരുന്നു. ടി.എൻ.പ്രതാപൻ,വിൻസെന്റ്,ടാജറ്റ് എന്നിവരാണ് ഉണ്ടായിരുന്നത്. രണ്ടോ മൂന്നോ ടേമിലേക്ക് സ്വീകരിക്കുമോ എന്ന് ചോദിച്ചു. എന്നെ പ്രഥമ പരിഗണനയിൽനിന്ന് മാറ്റാനുള്ള കാര്യത്തെ കുറിച്ച് എനിക്കറിയില്ല. ആദ്യത്തെ ഒരു വർഷം മാത്രം മതി, ബാക്കി നാലുവർഷം ഒരാൾക്ക് കൊടുത്തോളൂവെന്ന് പറഞ്ഞു. അത് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. അത് നടക്കില്ലെന്നും രണ്ടോ മുന്നോ ടേമിലേക്ക് പരിഗണിക്കാമെന്നും അവർ അറിയിച്ചു. നിജി ജസ്റ്റിനെ അംഗീകരിക്കുകയാണെങ്കിൽ സുധി ബാബുവിന് രണ്ടാം ഘട്ടം കൊടുത്തോളൂവെന്നും എന്നെ ഒഴിവാക്കിക്കോ എന്നും ഞാൻ പറഞ്ഞു’ ലാലി പറഞ്ഞു.
‘എന്റെ കൈയിൽ നൽകാൻ ചില്ലികാശില്ല. പാർട്ടി ഫണ്ടോ മറ്റു കാര്യങ്ങളോ കൊടുക്കാൻ തയ്യാറുള്ള ഒരാളെ തിരഞ്ഞെടുത്തുവെന്ന് എനിക്ക് സംശയം ഉണ്ട്. പണവുമായി ഭാര്യയും ഭർത്താവും പോകുന്നുവെന്ന് പുറത്തുള്ളവർ പറഞ്ഞിരുന്നു. എനിക്കിപ്പോൾ സംശയമുണ്ട്’ ലാലി ജെയിംസ് പറഞ്ഞു. പാർട്ടി പ്രവർത്തനത്തിൽ നിജി ജസ്റ്റിനെ കണ്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ തേറമ്പിൽ രാമകൃഷ്ണൻ വഴി ലാലിയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്.
അതേസമയം ലാലി ഉയർത്തിയ ആരോപണങ്ങളും വിമർശനങ്ങളും നിജി ജസ്റ്റിൻ തള്ളി. ലാലിക്കുള്ള മറുപടി നേതൃത്വം നൽകുമെന്നും അവർ വ്യക്തമാക്കി.
വിവാദങ്ങളെല്ലാം നേരിട്ട് തന്നെയാണ് വന്നത്. വിവാദങ്ങളിൽ പകയ്ക്കുന്നയാളല്ല. 28 വർഷമായി പാർട്ടി പ്രവർത്തകയാണ്. സ്ഥാനമാനങ്ങൾ വരും പോകും. മേയർ തിരഞ്ഞെടുപ്പിൽ മുഴുവൻ കോൺഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടും. അതിൽ കൂടുതലും കിട്ടാൻ സാധ്യതയുണ്ട്. ലാലിയോട് ഒന്നും പറയാൻ ഇല്ല. പറയേണ്ടത് പാർട്ടി പറയും’ നിജി പറഞ്ഞു.

