KSDLIVENEWS

Real news for everyone

തിരു. കോര്‍പറേഷനില്‍ പ്രതിപക്ഷത്ത് എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് കെ മുരളീധരന്‍; അവരെ വിശ്വസിക്കാന്‍ പറ്റില്ല, സഹകരണമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

SHARE THIS ON

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി ഏകപക്ഷീയമായി വിവാദ വിഷയങ്ങള്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് കെ മുരളീധരന്റെ നിലപാട്. എന്നാല്‍ തങ്ങള്‍ ഭരണം അട്ടിമറിക്കാനില്ലെന്നും കെ മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

വിവാദ വിഷയങ്ങള്‍ നഗരസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപി പാസാക്കാമെന്ന് വച്ചാല്‍ അത് തങ്ങള്‍ സമ്മതിക്കില്ലെന്ന് മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ചില മതങ്ങളുടെ മാത്രം പ്രാര്‍ത്ഥനകള്‍ ചൊല്ലുക, അംഗീകരിക്കാത്ത അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ വരുമ്പോള്‍ പ്രതിപക്ഷത്തുള്ള സമാന ചിന്താഗതിയുള്ളവരുമായി സഹകരിക്കും. പക്ഷേ ഭരണം അട്ടിമറിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ മുരളീധരന്റെ ഈ പ്രസ്താവനയ്ക്ക് ട്വന്റിഫോറിലൂടെ തന്നെ മന്ത്രി വി ശിവന്‍കുട്ടി മറുപടി പറഞ്ഞു. യുഡിഎഫും ബിജെപിയും തമ്മില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ നിരവധി വാര്‍ഡുകളില്‍ അഡ്ജസ്റ്റ്‌മെന്റ് നടന്നിട്ടുണ്ടെന്ന് ശിവന്‍കുട്ടി ആരോപിച്ചു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയുമായി ഒത്തുകളിച്ചതിന്റെ ഫലം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. അതിനാല്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അവരുമായി സഹകരണത്തിനില്ലെന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!