അധികൃതർ ഇനിയും ശ്രദ്ധിക്കുന്നില്ലെങ്കിൽ: ഡിവൈഡറും സിഗ്നൽ ലൈറ്റുകളുമില്ല അപകടം ഒളിഞ്ഞിരിക്കുന്നകളനാട് ജംഗ്ഷൻ

ഉദുമ: കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിലെ കളനാട് കവലയിൽ അപകടം നിത്യസംഭവം. ഡിവൈഡർ ഇല്ലാത്തതും കത്താത്ത സിഗ്നൽ ലൈറ്റുകളുമാണ് ഇവിടത്തെ അപകടങ്ങൾക്ക് മുഖ്യകാരണമാകുന്നത്. കഴിഞ്ഞദിവസം മാങ്ങാട് ഭാഗത്തുനിന്ന് വന്ന ഇരുചക്രവാഹനവും സംസ്ഥാനപാതയിലുടെ പോയ മറ്റൊരു സ്കൂട്ടറും കൂട്ടിയിടിച്ചിരുന്നു.
കളനാട് റെയിൽവേ മേൽപ്പാലം കടന്നതുമുതൽ കളനാട് റേഷൻകടവരെ എത്തുന്ന സംസ്ഥാനപാത നേർരേഖയിൽ കുണ്ടും കുഴിയുമില്ലാത്ത നല്ല റോഡാണ്. അതിനാൽ, ഇരുവശത്തുനിന്നും സംസ്ഥാനപാതയിലൂടെ എല്ലാ വാഹനങ്ങളും ചീറിപ്പായുകയാണ്. അതിനിടയിലാണ് മാങ്ങാടുനിന്ന് സംസ്ഥാനപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത്. ആ സമയത്ത് ഡ്രൈവർമാരുടെ ശ്രദ്ധ അല്പം പാളിയാൽ, അപകടം ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു.
അപകടക്കെണിയുള്ള സ്ഥലമാണെന്ന് മനസ്സിലാക്കാൻ റോഡുവക്കിൽ ഒരു ബോർഡുപോലും അധികൃതർ വെച്ചിട്ടില്ല. ആദ്യമായി ഇതിലേ വരുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. കെഎസ്ടിപി റോഡ് നിർമിക്കുമ്പോൾ മാങ്ങാടുനിന്ന് വരുന്ന റോഡിന്റെ എതിർവശത്തും പ്രധാന റോഡിന്റെ കിഴക്കുവശത്തും സോളാർ സിഗ്നൽലൈറ്റുകൾ സ്ഥാപിച്ചിരുന്നു. സ്ഥാപിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾതന്നെ അവ മിഴിയടച്ചു.
ഇപ്പോൾ തൂണുകൾ ദ്രവിച്ച് ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ് ആ സിഗ്നൽലൈറ്റുകൾ. മാങ്ങാടുഭാഗത്തുനിന്നും സംസ്ഥാനപാതയിലേക്ക് കടക്കുന്ന സ്ഥലത്തിന്റെ നടുവിൽ നാട്ടുകാർ മൂന്ന് വലിയ ടയറുകൾ അട്ടിവെച്ച് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. അതുംകൂടി ഉണ്ടായിരുന്നില്ലെങ്കിൽ കളനാട് കവലയിൽ അപകടങ്ങൾ ഇനിയും വർധിക്കുമായിരുന്നുവെന്ന് പരിസരങ്ങളിലുള്ളവർ പറഞ്ഞു.
ഡിവൈഡറും സിഗ്നൽ ലൈറ്റുകളും പരിഹാരം
കളനാട് റെയിൽവേ മേൽപ്പാലം കഴിഞ്ഞതുമുതൽ റേഷൻകടയുടെ മുൻപ്വരെയുള്ള സംസ്ഥാനപാതയിലും മാങ്ങാട് നിന്നുള്ള പാതയിലും ഡിവൈഡറുകൾ നിർമിച്ചാൽ, ഇവിടുത്തെ 75 ശതമാനം അപകടങ്ങളും ഇല്ലാതാകുമെന്ന് വിദഗ്ധർ പറയുന്നു.
തൊട്ടടുത്തുള്ള ഉദുമ, പാലക്കുന്ന്, മേൽപ്പറമ്പ് ടൗണുകളിൽ കെഎസ്ടിപി റോഡ് പണിയുമ്പോൾതന്നെ ഡിവൈഡർ നിർമിച്ചിരുന്നു.
ഇവിടെ അത് നിർമിക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവർ അവഗണിക്കുകയായിരുന്നു.

