അട്ടിമറികളില്ല: തിരുവനന്തപുരത്ത് ചരിത്രംകുറിച്ച് ബിജെപി; കൊല്ലത്ത് ആദ്യമായി യു.ഡി.എഫ്; കോഴിക്കോട് എൽ.ഡി.എഫ് തന്നെ

കോഴിക്കോട്: സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ മേയർമാരേയും നഗരസഭകളിൽ അധ്യക്ഷന്മാരേയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂർത്തിയായി. അട്ടിമറികളൊന്നും എവിടെയും ഉണ്ടായില്ല. കേരള ചരിത്രത്തിലാദ്യമായി ബിജെപിയുടെ ആദ്യ മേയറായി തിരുവനന്തപുരത്ത് വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഡിഎഫ് ആദ്യമായി അധികാരം പിടിച്ച കൊല്ലം കോർപ്പറേഷനിൽ എ.കെ.ഹഫീസ് മേയറായി. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത കോഴിക്കോട് എൽഡിഎഫിലെ ഒ.സദാശിവൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പ് ദിവസം കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായ തൃശ്ശൂരിൽ നിജി ജസ്റ്റിൻ പരിക്കുകളൊന്നുമില്ലാതെ തന്നെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കലാപക്കൊടി ഉയർത്തി വിപ്പ് സ്വീകരിക്കാതിരുന്ന ലാലി ജെയിംസിന്റെ വോട്ടും നിജിക്ക് തന്നെ ലഭിച്ചു. കൊച്ചിയിൽ വി.കെ.മിനിമോളും കണ്ണൂരിൽ പി.ഇന്ദിരയും മേയറായി തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് തൃപ്പൂണിത്തുറ നഗരസഭകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി തന്നെ അധികാരത്തിലേറി. ഉച്ചയ്ക്ക് ശേഷമാണ് ഡെപ്യൂട്ടി മേയർ, ഉപാധ്യക്ഷ വോട്ടെടുപ്പ്.

