പോറ്റി മുഖ്യമന്ത്രിയോട് രഹസ്യം പറയുന്ന ചിത്രം എ.ഐ: യഥാർഥ ദൃശ്യങ്ങൾ പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനോട് രഹസ്യം പറയുന്നുവെന്ന തരത്തിൽ പ്രചരിച്ച ചിത്രം എഐ നിർമിതമെന്ന് തെളിയിക്കാൻ യഥാർഥ ദൃശ്യങ്ങൾ പുറത്തുവിട്ട് സർക്കാർ. സെക്രട്ടറിയേറ്റിൽ നടന്ന ശബരിമലയിലേക്കുള്ള ഒരു എമർജൻസി റെസ്ക്യു വാഹനത്തിന്റെ വിതരണ ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയുള്ള ദൃശ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്.
ഈ ചടങ്ങിനിടെയുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. മുഖ്യമന്ത്രിയും ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ എന്തോ സംസാരിക്കുന്നു എന്ന തരത്തിലാണ് ചിത്രം പ്രചരിക്കപ്പെട്ടത്. എന്നാൽ ഈ ചിത്രങ്ങളിൽ ഒന്ന് എഐയാണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങൾ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളുടെ ഭാഗമായുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 20-ന് സെക്രട്ടറിയേറ്റിലായിരുന്നു ചടങ്ങ്.
മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള എഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരേ കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തിരുന്നു. ചിത്രത്തിനൊപ്പം പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന ചോദ്യവും സുബ്രഹ്മണ്യൻ ക്യാപ്ഷനായി നൽകിയിരുന്നു.

