KSDLIVENEWS

Real news for everyone

ബംഗളൂരു യെലഹങ്ക കുടിയൊഴിപ്പിക്കൽ; അതിവേഗം പരിഹാരം കാണണം: കാന്തപുരം

SHARE THIS ON

കോഴിക്കോട്: ബംഗളൂരു യെലഹങ്കയിലെ ബന്ദേ റോഡിൽ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടിയിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കൊടുംതണുപ്പിൽ ദളിതരും മുസ്‌ലിംകളും ഉൾപ്പെടുന്ന നിർധനരായ മനുഷ്യരെ തെരുവിലേക്ക് ഇറക്കിവിടുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാർപ്പിട സൗകര്യം ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ അവ ഇടിച്ചുനിരത്തുന്നത് നീതീകരിക്കാനാവാത്തതാണ്. മാനുഷിക പരിഗണനയും വേണ്ട സമയം നൽകിയും പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിയും മാത്രമേ സർക്കാർ പോലുള്ള ഔദ്യോഗിക കേന്ദ്രങ്ങൾ ഭൂമി പിടിച്ചെടുക്കൽ പോലുള്ള നടപടികളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ. കിടപ്പാടവും സമ്പാദ്യവും രേഖകളും നഷ്ടപെട്ട പാവങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ അതിവേഗം മുന്നോട്ടുവരണം – ഗ്രാൻഡ് മുഫ്തി പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയോടും മറ്റു സർക്കാർ വൃത്തങ്ങളോടും ഗ്രാൻഡ് മുഫ്തി ആശയ വിനിമയം നടത്തി. ഉചിതമായ സ്ഥലം കണ്ടെത്തി എല്ലാവർക്കും പര്യാപ്തമായ പാർപ്പിട സൗകര്യം ഉറപ്പുവരുത്താനും അതുവരെ താത്കാലിക സംവിധാനങ്ങൾ ഒരുക്കാനും സർക്കാർ തന്നെ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊടും തണുപ്പിൽ കൂരയില്ലാതെ അലയുന്ന മനുഷ്യർക്കായി സാധ്യമായ എല്ലാ താത്കാലിക സൗകര്യങ്ങളും ഒരുക്കി നൽകണമെന്ന ഗ്രാൻഡ് മുഫ്തിയുടെ നിർദേശത്തെ തുടർന്ന് ബംഗളൂരുവിലെ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ പ്രദേശത്തെത്തി സമാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!