സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം; പടരുന്നതില്‍ 94 ശതമാനവും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോണാണ്. ആറ് ശതമാനം ഡെൽറ്റ വകഭേദമാണ്. പരിശോധനകളിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അസുഖം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്ന് വന്നവരിൽ 80 ശതമാനം പേർക്കും ഒമിക്രോൺ വകഭേദമാണ്. കോവിഡ് കേസുകൾ ഇനിയും കൂടാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് അടുത്ത മൂന്നാഴ്ച നിർണായകമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും ഐസിയു, വെന്റിലേറ്റർ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്. 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞുവെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികളിൽ 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണ്. 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. സ്വയം ചികിത്സ വേണ്ടെന്നും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആശുപത്രിയിലെത്തണമെന്നും മന്ത്രി നിർദേശിച്ചു. ആശുപത്രിയിലെത്തുന്നവർക്ക് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെൽ ആരംഭിച്ചിട്ടുണ്ട്. മോണിറ്ററിങ് സെൽ നമ്പർ – 0471-2518584

