KSDLIVENEWS

Real news for everyone

ഇസ്ലാമോഫോബിയ ചെറുക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ

SHARE THIS ON

ഒട്ടാവ: ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ. അടുത്തിടെ രാജ്യത്ത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ള അക്രമപരമ്പരയ്ക്ക് ശേഷം വിദ്വേഷവും വിവേചനവും തടയാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ എല്‍ഘവാബിയെ ആണ് ഇസ്ലാമോഫോബിയയ്ക്കെതിരായ പ്രവർത്തനങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധിയായി സര്‍ക്കാരിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഇസ്ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയുമാണ് ഇവരുടെ പ്രധാന ഉത്തരവാദിത്വം. വ്യാഴാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് അമീറ എല്‍ഘവാബിയുടെ നിയമനം പ്രഖ്യാപിച്ചത്. ‘വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തി. എന്നാല്‍ പല മുസ്ലിങ്ങള്‍ക്കും ഇസ്ലാമോഫോബിയയുടെ അനുഭവം ഉണ്ടായിട്ടുണ്ട്. നമ്മള്‍ അത് മാറ്റേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ആര്‍ക്കും അവരുടെ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷം അനുഭവിക്കേണ്ടിവരരുത്’, ട്രൂഡോ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്ലാമോഫോബിയയ്‌ക്കെതിരായ പോരാട്ടത്തില്‍ സുപ്രധാന ചുവടുവെപ്പാണ് അമീറ എല്‍ഘവാബിയുടെ നിയമനമെന്നും അദ്ദേഹം വ്യക്തമാക്കി. അമീറ എല്‍ഘവാബി നേരത്തെ പത്ത് വര്‍ഷത്തിലകം സിബിസിയില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു. കനേഡിയന്‍ പത്രമായ ടൊറന്റോ സ്റ്റാറില്‍ കോളമിസ്റ്റായും കാനഡയിലെ ഒരു മനുഷ്യവകാശ ഫൗണ്ടേഷന്റെ വാക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!