അറിവിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾ; റിപ്പബ്ലിക് ദിന ക്വിസ് മർകസ് മൈമനിൽ ശ്രദ്ധേയമായി

മൊഗ്രാൽപുത്തൂർ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കുന്ന് മർകസ് മൈമനിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ക്വിസ്,ഡിസ്കഷൻ പരിപാടി വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും ആവേശവും കൊണ്ട് ശ്രദ്ധേയമായി. അറിവും ചിന്തയും സംവാദവും സമന്വയിച്ച പരിപാടി വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. പരിപാടിയിൽ സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുൽ സലാം സഅദി, ആസിഫ് ഹിമമി സഖാഫി,വാർഡ് മെമ്പർ അമീർ മഠത്തിൽ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യവും ഭരണഘടനയുടെ മൂല്യങ്ങളും യുവതലമുറ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയും അതിഥികൾ പ്രസംഗങ്ങളിൽ വിശദീകരിച്ചു.
വിദ്യാർത്ഥികളുടെ അറിവ് പരിശോധിക്കുകയും ചിന്താശേഷി വളർത്തുകയും ചെയ്യുന്ന രീതിയിലാണ് ക്വിസ് മത്സരവും ചർച്ചാസംഗമവും സംഘടിപ്പിച്ചത്. അട്കത്ത് ബയൽ രിയാളുൽ ഉലൂം മദ്രസയിലെ ഷഹ്സാൻ അബ്ദുല്ല ഒന്നാം സ്ഥാനവും മർകസ് മൈമൻ ദഅവാ വിദ്യാർത്ഥി മുർതള മുഗു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ പരിപാടിയിൽ അഭിനന്ദിച്ചു.
മൈമൻ അലുംനി അംഗങ്ങളായ ഫിറാസ് അബ്ദുൽ റഹ്മാൻ ഇഹ്സാനി, അഡ്വ. ആശിർ അബ്ബാസ് റസ്‌വി, ജവാദ് അഹമ്മദ് റസ്‌വി, നൗഷാദ് മൈമനി, ഹാഫിള് ഫവാസ് കുദിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്റ്റുഡന്റ്സ് അസോസിയേഷൻ അംഗങ്ങളായ മിന്ഹാജ് ദേശാംകുളം, തൻവീർ മൊഗ്രാൽപുത്തൂർ, ഹനാൻ ബായാർ, ബാത്തിഷ കമ്പാർ, സുഹൈൽ പറപ്പാടി, മിസ്ഹബ് ബീരാൻ തുടങ്ങിയവർ സജീവമായി പങ്കാളികളായി.

