ദിലീപും കാവ്യയും നീലേശ്വരം മന്നൻപുറത്തുകാവിൽ തൊഴാനെത്തി

നീലേശ്വരം: താരദമ്പതിമാരായ ദീലീപും കാവ്യാമാധവനും നീലേശ്വരം മന്നൻപുറത്തുകാവ് ക്ഷേത്രത്തിൽ തൊഴാനെത്തി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഇരുവരും കാവ്യയുടെ അച്ഛൻ മാധവനോടൊപ്പം ക്ഷേത്രത്തിലെത്തിയത്. വിവാഹത്തിനുശേഷം ആദ്യമായാണ് ഇവർ ക്ഷേത്രത്തിലെത്തുന്നത്. ഗോപാലകൃഷ്ണൻ എന്ന പേരിൽ ഉത്രാടം നക്ഷത്രത്തിൽ ദിലീപിനായി അകപൂജ, നെയ്‌പ്പായസം എന്നീ വഴിപാടുകളും കഴിച്ചിരുന്നു. ഉപക്ഷേത്രമായ സരസ്വതീ സങ്കൽപ്പമുള്ള പടിഞ്ഞാറ്റയിലും സന്ദർശിച്ചു.
താരങ്ങളെ അപ്രതീക്ഷിതമായി കണ്ട അത്ഭുതത്തിലായിരുന്നു ക്ഷേത്രത്തിൽ തൊഴാനെത്തിയവർ. എല്ലാവരോടും കുശലം പറഞ്ഞ് 8.45-ഓടെയാണ് ഇരുവരും മടങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ 5.30-ഓടെയാണ് ട്രെയിനിൽ ഇവർ നീലേശ്വരത്തെത്തിയത്. ചിറപ്പുറത്തെ കാവ്യയുടെ അച്ഛൻ മാധവന്റെ സഹോദരി സരോജിനിയുടെ വീട്ടിലാണ് താമസിച്ചത്.
ക്ഷേത്രസന്ദർശനത്തിനുശേഷം പൊയിനാച്ചിയിലെ ബന്ധുവീട് സന്ദർശിച്ച് ഇവർ കണ്ണൂരിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ എറണാകുളത്തേക്ക് മടങ്ങും.

