ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: ഓൺലൈൻ റമ്മി ഗെയിമുകൾ നിയമവിരുദ്ധമെന്ന് സർക്കാർ. നിലവിലുള്ള നിയമത്തിൽ ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷൻ 14എയിലാണ് ഓൺലൈൻ റമ്മി കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തിയത്.
1960 ലെ കേരള ഗെയിമിങ് നിയമത്തിൽ ഓൺലൈൻ ഗാംബ്ലിങ്, ഓൺലൈൻ ബെറ്റിങ് എന്നിവ കൂടി ഉൾപ്പെടുത്തുന്നതിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
ഓൺലൈൻ റമ്മിയും സമാനമായ ചൂതാട്ട പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോർട്ടലുകൾക്കെതിരെ ചലച്ചിത്ര സംവിധായകൻ പോളി വടക്കൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിർദേശം.
ഈ കേസിൽ വിവിധ ഓൺലൈൻ റമ്മി പോർട്ടലുകളുടെ ബ്രാന്റ് അംബാസഡർമാരായ ഇന്ത്യൻ ക്രിക്കറ്റ് കാപ്റ്റൻ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വർഗീസ് എന്നിവർക്ക് നോട്ടീസ് നൽകിയിരുന്നു.
ഓൺലൈൻ റമ്മി കളിയിലൂടെ ആളുകൾക്ക് വൻതോതിൽ പണം നഷ്ടപ്പെടുകയും അതുവഴി ഒരു ആത്മഹത്യ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് പരാതിയെത്തിയത്.
കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാൽ പോലീസിന് നിയമനടപടി സ്വീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓൺലൈൻ റമ്മി കളി ഈ നിയമപരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓൺലൈൻ റമ്മി ആപ്പുകൾ സജീവമായത്.
എന്നാൽ നിയമ ഭേദഗതി വന്നതോടെ ഈ ആപ്പുകൾക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് പോലീസിന് നിയമനടപടി സ്വീകരിക്കാൻ സാധിക്കും