പുതിയ കക്ഷികള്‍ക്ക് സിപിഎം കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കും; സ്ഥാനാർഥികൾ 10 ാം തീയതിക്കുള്ളിൽ

തിരുവനന്തപുരം: എൽഡിഎഫിലെ പുതിയ കക്ഷികൾക്ക് സിപിഎം കൂടുതൽ സീറ്റുകൾ വിട്ടു നൽകും. ഘടകക്ഷികളിൽ നിന്ന് കൂടുതൽ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച് ധാരണ.
മാർച്ച് ഒന്നാം തിയതി മുതൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച കാര്യങ്ങൾ ചർച്ചയാകും. 4,5 തിയതികളിലായി സംസ്ഥാന കമ്മിറ്റി ചേരും. പത്താം തീയ്യതിക്കുള്ളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കണമെന്ന തീരുമാനത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പിരിഞ്ഞിരിക്കുന്നത്.
രണ്ടാം ഘട്ട ഉഭയകക്ഷി ചർച്ചകൾ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആരംഭിക്കും. സിപിഐയിൽ നിന്നടക്കം കൂടുതൽ സീറ്റുകൾ എടുക്കില്ല. അതേസമയം ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് കൂടുതൽ സീറ്റുകൾ ഏറ്റെടുത്തേക്കും.
കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം, എൽജെഡി തുടങ്ങിയ എൽഡിഎഫിൽ പുതുതായി എത്തിയിട്ടുള്ള കക്ഷികൾക്ക് നൽകുന്ന ഭൂരിപക്ഷം സീറ്റുകളും സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്ന് വിട്ടുനൽകാനാണ് തീരുമാനം. ഇതനുസരിച്ച് എട്ടോ ഒമ്പതോ സീറ്റുകളിൽ സിപിഎമ്മിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ 92 സീറ്റിൽ സിപിഎം മത്സരിച്ചിരുന്നു

