KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം വേണം; കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കും: കെ.സുധാകരൻഓൺലൈൻ ഡെസ്ക്

SHARE THIS ON


കൊല്ലം: സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈപ്പറ്റിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കെപിസിസി സമരാഗ്നിയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. 

‘‘നൂറുകോടിയുടെ അഴിമതി നടന്നെന്ന മാത്യു കുഴൽനാടന്റെ ആരോപണം അതീവ ഗുരുതരമാണ്. പദവിയിലിരുന്ന് അഴിമതി നടത്തിയ മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരുന്നതിന് അവകാശമില്ല. മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം വേണം. ഇതാവശ്യപ്പെട്ട് കോൺഗ്രസ് നിയമനടപടി സ്വീകരിക്കും’’–കെ.സുധാകരൻ പറഞ്ഞു. 

കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടൽ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചത്. മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയാണെന്നും കുഴല്‍നാടൻ ആരോപിച്ച‌ിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലിൽ നിർത്തുന്നതെന്നും കുഴൽനാടൻ ചോദിച്ചു. ഈ വിഷയത്തിൽ മന്ത്രിമാരായ പി.രാജീവിനെയും എം.ബി. രാജേഷിനെയും കുഴൽനാടൻ സംവാദത്തിനു വെല്ലുവിളിച്ചിരുന്നു.

ഭൂപരിധി ചട്ടത്തിൽ ഇളവുതേടിയ കെആർഎംഇഎൽ കമ്പനിക്കായി റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടൽ നടത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയെന്ന് ആരോപിക്കപ്പെടുന്ന സിഎംആർഎൽ പ്രമോട്ട് ചെയ്യുന്ന കമ്പനിയാണ് കെആർഇഎംഎൽ. അവർ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കർ ഭൂമിക്കായി മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് കുഴൽനാടൻ ആരോപിക്കുന്നത്.‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!