വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടൽ കാസർകോടിന്ന് ആശ്വാസമാകും; നിലവിൽ ഒഴിയുന്ന പ്ലാറ്റ്ഫോമിലേക്ക് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയ്നുകളെ കാസർകോട്ടേക്കും നീട്ടിയേക്കും

കണ്ണൂർ: തിരുവനന്തപുരം-ആലപ്പുഴ-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടുമ്പോൾ കാസർകോട് സ്റ്റേഷനിൽ ഒഴിയുന്ന മൂന്നാം പ്ലാറ്റ്ഫോം ഉപയോഗിച്ച് മലബാറിലെ തീവണ്ടിയാത്രാപരിമിതികൾ മറികടക്കാം. ഒഴിയുന്ന പ്ലാറ്റ്ഫോമിലേക്ക് കോഴിക്കോട്-കാസർകോട് സെക്ഷനിലെ കൂടുതൽ വണ്ടികൾ എത്തിക്കാൻ കഴിയും.
വന്ദേഭാരത് (20631/20632) നിലവിൽ കാസർകോട്ടെ മൂന്നാം പ്ലാറ്റ്ഫോമിലാണ് നിർത്തുന്നത്. ഇത് മംഗളൂരുവിലേക്ക് നീട്ടുമ്പോൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന വണ്ടി കാസർകോട്ടേക്ക് നീട്ടാം. വന്ദേഭാരതിനുവേണ്ടി വെള്ളം നിറയ്ക്കാനുള്ള സൗകര്യം കാസർകോട് ഒരുക്കിയിട്ടുണ്ട്. കണ്ണൂരിൽ നിർത്തിയിടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ്, കോയമ്പത്തൂർ എക്സ്പ്രസ് എന്നിവയെ കാസർകോട്ടെത്തിക്കാം. ഇതു വഴി കണ്ണൂരിൽ ലൈൻ ഒഴിവുവരുമ്പോൾ കോഴിക്കോട് യാത്ര അവസാനിപ്പിക്കുന്ന ഷൊർണൂർ-കോഴിക്കോട് എക്സ്പ്രസ് (06455) കണ്ണൂരിലേക്ക് നീട്ടാം.
കാത്തിരിപ്പിന്റെ എട്ടുമണിക്കൂർ
നേത്രാവതി എക്സ്പ്രസാണ് വടക്കോട്ടുള്ള അവസാന വണ്ടി. രാത്രി 7.25-ന് കണ്ണൂരിലെത്തും. പിന്നീട് കാസർകോട്ടേക്ക് ഒരു പ്രതിദിന തീവണ്ടി വരാൻ എട്ടുമണിക്കൂർ കണ്ണൂരിൽ ഇരിക്കണം; പുലർച്ചെ രണ്ടരയ്ക്ക് ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് വരുന്നതുവരെ. കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ പ്രദേശത്തുള്ളവരും കാസർകോട് ഭാഗത്തുള്ളവരും നേരിടുന്ന റെയിൽവേ അവഗണന ചെറുതല്ല. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നത് എട്ട് വണ്ടികളാണ്.
യാത്രാസൗകര്യം കൂടും
രാത്രി എട്ടരയോടെ കണ്ണൂരിലെത്തുന്ന കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) കാസർകോട്ടേക്ക് നീട്ടാം. രാവിലെ ആറിനാണ് കണ്ണൂരിൽനിന്ന് പുറപ്പെടുന്നത്. കാസർകോട്ടുനിന്ന് 4.30-ന് പുറപ്പെടാം. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് (16307) കാസർകോട്ടേക്ക് നീട്ടാം. നിലവിൽ രാത്രി 11-ഓടെയാണ് കണ്ണൂരിലെത്തുന്നത്. രാവിലെ 5.10-നാണ് കണ്ണൂരിൽനിന്ന് പുറപ്പെടുന്നത്.
ഷൊർണൂർ-കോഴിക്കോട് എക്സ്പ്രസ് (06455) സമയം ക്രമീകരിച്ച് ഓടി കണ്ണൂർ വരെ നീട്ടാം. കണ്ണൂരിൽ ഒഴിയുന്ന പ്ലാറ്റ്ഫോമിൽ നിർത്തിയിടാം. എക്സിക്യൂട്ടീവിന് മുൻപേ എത്തിയാൽ ആ വണ്ടിക്ക് കാസർകോട്ടേക്കുള്ള യാത്രക്കാർക്ക് എക്സിക്യൂട്ടീവിന് കയറാം.
കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) ആണ് കാസർകോട്ടേക്ക് നീട്ടുന്നതെങ്കിൽ കോഴിക്കോട്-കണ്ണൂർ സെക്ഷനിൽ ഷൊർണൂർ-കോഴിക്കോട് എക്സ്പ്രസ് ഉപകരിക്കും. നിലവിൽ ഷൊർണൂർ-കോഴിക്കോട് എക്സ്പ്രസ് (06455) രാത്രി 11.35-നാണ് കോഴിക്കോട്ടെത്തുന്നത്. നേരത്തേ 7.40-ന് എത്തിയിരുന്നു.

