വാട്സാപ്പിൽ ഇനി പരസ്യവും: ലോകമെമ്പാടും ലഭ്യമാകും, മെസേജ്; കോൾ സൗകര്യങ്ങളിൽ മാറ്റമില്ല

സ്റ്റാറ്റസ് പരസ്യങ്ങളും പ്രൊമോട്ടഡ് ചാനലുകളും ലോകവ്യാപകമായി അവതരിപ്പിച്ച് വാട്സാപ്പ്. പരസ്യങ്ങളും പ്രൊമോട്ടഡ് ചാനലുകളും വാട്സാപ്പ് സ്റ്റാറ്റസിന് സമീപം വ്യക്തമായ ലേബലുകളോടെ ദൃശ്യമാകും. സ്റ്റാറ്റസ് പോസ്റ്റുകളിലൂടെ നാവിഗേറ്റ് ചെയ്യുന്നതുപോലെ ഉപയോക്താക്കൾക്ക് സൈ്വപ്പ് ചെയ്ത് പരസ്യങ്ങൾ ഒഴിവാക്കാൻ കഴിയും. സ്പോൺസർ ചെയ്ത ഉള്ളടക്കം മുൻപ് പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കിയിരുന്നത്. ഈ ഫീച്ചറുകൾ ഇപ്പോൾ ലോകമെമ്പാടും ലഭ്യമാണെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
സ്റ്റാറ്റസ് പരസ്യങ്ങളും പ്രൊമോട്ടഡ് ചാനലുകളും ആപ്പിന്റെ ‘അപ്ഡേറ്റ്സ്’ ടാബിലാവും പ്രവർത്തിക്കുക. പരസ്യങ്ങളും പ്രൊമോട്ടഡ് ചാനലുകളും ഉപയോക്താക്കൾ അപ്ഡേറ്റുകൾക്കായി ബ്രൗസ് ചെയ്യുന്നിടത്താവും കാണാൻ കഴിയുക. കമ്പനികൾക്കും ബ്രാൻഡുകൾക്കും എളുപ്പത്തിൽ പരസ്യം ചെയ്യാനും ഉപയോക്താക്കൾക്ക് അവരുമായി നേരിട്ട് സംഭാഷണം നടത്താനും ഇതിലൂടെ സാധിക്കും. വ്യക്തിഗത മെസേജ് അയയ്ക്കൽ അടക്കമുള്ളവ മാറ്റമില്ലാതെ തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ചാറ്റുകൾ, കോളുകൾ, സ്റ്റാറ്റസുകൾ എന്നിവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ആയിരിക്കും.
പരസ്യങ്ങൾ അലോസരമാണെന്ന് തോന്നിയാൽ അവ ബ്ലോക്ക് ചെയ്യാനടക്കം ഉപയോക്താക്കൾക്ക് സാധിക്കും. പരസ്യരഹിത വാട്സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം യൂറോപ്പിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാകും ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. വാട്സാപ്പ് സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള ഓപ്ഷനാകും ലഭ്യമാക്കുക എന്നാണ് സൂചന. ഉപയോക്താക്കൾക്ക് പുതിയ ഉത്പന്നങ്ങളും സേവനങ്ങളും കണ്ടെത്തുന്നത് എളുപ്പമാക്കാനും സംരംഭകൾക്ക് അവരുടെ ഉത്പന്നങ്ങളുടെ വിവരങ്ങൾ നേരിട്ട് ഉപയോക്താക്കളിൽ എത്തിക്കാനുമാണ് വാട്സാപ്പ് ലക്ഷ്യമിടുന്നത്.

