KSDLIVENEWS

Real news for everyone

ഇറാനിലെ സ്‌കൂള്‍ ആക്രമണം; അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് പുറത്തുവിടണം; യു എസിനോട്‌ യു.എന്‍ മനുഷ്യാവകാശ തലവന്‍

SHARE THIS ON

ജനീവ: ഇറാനില്‍ 170 പേരുടെ ജീവഹാനിക്കിടയാക്കിയ പ്രൈമറി സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം അടിയന്തര സ്വഭാവത്തോടെ പൂര്‍ത്തിയാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് യു എന്‍ മനുഷ്യാവകാശ തലവന്‍ വോള്‍കര്‍ ടര്‍ക്. മിനാബിലെ ഷജാറെ തയ്യബെ ഗേള്‍സ് സ്‌കൂളിനു നേരെയുണ്ടായ ആക്രമണ സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാന്റെ ആവശ്യപ്രകാരം വിളിച്ചു ചേര്‍ത്ത ജനീവ കൗണ്‍സില്‍ യോഗത്തിലാണ് ടര്‍ക് ഇക്കാര്യമുന്നയിച്ചത്. യു എസും ഇസ്‌റാഈലും ഇറാനെതിരെ നടത്തുന്ന ഒരുമാസം നീണ്ട ആക്രമണങ്ങളുടെ തുടക്കത്തിലാണ് സ്‌കൂളിനെതിരെ ആക്രമണം നടന്നത്.

അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി കണ്ടെത്തലുകള്‍ പുറത്തുവിടാന്‍ വാഷിങ്ടണ്‍ തയ്യാറാകണമെന്നാണ് ടര്‍ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു ക്രൂരമായ ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കേണ്ടതുണ്ടെന്ന് വാഷിങ്ടണില്‍ യു എസ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കു ശേഷം പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

സ്‌കൂളിനെതിരെ നടന്ന ആക്രമണത്തെയോ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സംബന്ധിച്ചോ പ്രതികരിക്കാന്‍ യു എന്നിലെ ഇസ്‌റാഈല്‍, യു എസ് നയതന്ത്ര പ്രതിനിധികള്‍ ഇതുവരെ തയ്യാറായിട്ടില്ല. വിഷയത്തില്‍ യു എന്‍ യോഗം നടക്കുന്ന സമയത്ത് ഇവരാരും തന്നെ സീറ്റിലുണ്ടായിരുന്നില്ല.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ടക്കൊലക്കിരയാക്കപ്പെട്ട സംഭവം ‘മനസ്സാക്ഷിക്ക് നിരക്കാത്തത്’ എന്നാണ് യു എന്നിലെ പാക് അംബാസഡര്‍ ബിലാല്‍ അഹമദ് പറഞ്ഞത്. നടുങ്ങിപ്പോയെന്നായിരുന്നു ചൈനീസ് അംബാസഡര്‍ ജിയ ഗൈഡിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!