കേരളത്തില്‍ പോളിംഗില്‍ ഇടിവ്, വടകരയില്‍ പോളിംഗ് പൂര്‍ത്തിയായത് 11ന് ശേഷം;വീഴ്ച്ചയെന്ന് സതീശന്

കണ്ണൂര്‍: സംസ്ഥാനത്ത് പോളിംഗ് അവസാനിച്ചത് അര്‍ധ രാത്രിയോട് അടുത്തപ്പോള്‍. ആറ് മണിക്ക് ഔദ്യോഗികമായി പോളിംഗ് സമയം പൂര്‍ത്തിയായെങ്കിലും പല മണ്ഡലങ്ങളിലും വലിയ ജനക്കൂട്ടം തന്നെ വോട്ട് ചെയ്യാനായി ഉണ്ടായിരുന്നു.
എട്ട് മണിവരെയുള്ള കണക്കില്‍ 70.35 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. 77.84 ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഫലമറിയാന്‍ ഇനി 38 ദിവസം കാത്തിരിക്കണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
വടകരയിലെ പല മണ്ഡലങ്ങളിലും പോളിംഗ് പൂര്‍ത്തിയായത് പതിനൊന്ന് മണിക്ക് ശേഷമാണ്. വലിയ ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിച്ചിരിക്കുന്നത്. യുഡിഎഫിന് മേല്‍ക്കോയ്മ ഉള്ള മണ്ഡലങ്ങളിലാണ് പോളിംഗ് വൈകിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
്‌അതേസമയം അട്ടിമറി നടന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വടകരയില്‍ കാത്തുനിനിന്ന് മടുത്ത് പലരും വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. നാദാപുരം വാണിന്മേലില്‍ പ്രിസൈഡിംഗ് ഓഫീസറെ എല്‍ഡിഎഫ് ഉപരോധിച്ചു. സമയം കഴിഞ്ഞ് എത്തിയവരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചുവെന്നാണ് ആരോപണം.
വോട്ടിംഗ് പൂര്‍ത്തിയാക്കിയെന്ന് അറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചെന്നാണ് പരാതി. നേരത്തെ ബൂത്തില്‍ ഉണ്ടായിരുന്നവര്‍ ടോക്കണ്‍ അധികമായി വാങ്ങി പിന്നീടെത്തിയവര്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ഇത്തരത്തില്‍ ടോക്കണുമായി എത്തിയവര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ദിയാക്കി വോട്ട് ചെയ്‌തെന്ന് എല്‍ഡിഎഫ് ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.