KSDLIVENEWS

Real news for everyone

വോട്ടിങ് അര്‍ധരാത്രിയോളം: വോട്ടർമാർ ഒഴുകിയെത്തിയതോടെ പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

SHARE THIS ON

കോഴിക്കോട്: വോട്ടർമാർ ഒഴുകിയെത്തിയതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആവേശകരമായ പോളിങ്. കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിൽ രാവിലെമുതൽ കനത്തപോളിങ്ങാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ 73.76 ശതമാനം പേരും വടകര മണ്ഡലത്തിൽ 74.90 ശതമാനംപേരും വോട്ട് രേഖപ്പെടുത്തി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് 81.47 ശതമാനവും വടകരയിൽ 82.48 ശതമാനവുമായിരുന്നു പോളിങ്. ജില്ലയിൽ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാത്രി വൈകിയും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു ബൂത്തുകളിൽ. പല ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിക്കേണ്ട ആറുമണിയും കഴിഞ്ഞ് പോളിങ് രാത്രി വൈകുംവരെ നീണ്ടു. വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വ്യാപകമായി വോട്ടെടുപ്പ് വൈകിയത്. മണിക്കൂറുകൾ വൈകിയിട്ടും വടകരയിലെ പല ബൂത്തുകളിലും നൂറുകണക്കിനാളുകൾ വരിനിൽക്കുന്നുണ്ടായിരുന്നു. രാത്രി 9.40 ആയപ്പോൾ 2248 ബൂത്തുകളിൽ 1694 എണ്ണത്തിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയായത്. 284 ബൂത്തുകളിൽ അപ്പോഴും വോട്ടെടുപ്പ്‌ പുരോഗമിക്കുകയായിരുന്നു. വടകരമണ്ഡലത്തിൽ രാത്രി 11.47ഓടെയും കോഴിക്കോട് മണ്ഡലത്തിൽ രാത്രി 11.30 യോടെയുമാണ് പോളിങ് പൂർത്തിയായത്.


പലയിടങ്ങളിലും യന്ത്രത്തകരാർ കാരണം പോളിങ് തുടങ്ങാൻ വൈകിയതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മെല്ലെപ്പോക്കിന് കാരണമായി. വടകര മണ്ഡലത്തിൽ ഓപ്പൺവോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയർന്നതും പോളിങ് വൈകിച്ചു. പോളിങ് വൈകിപ്പിച്ചതിന് പിന്നിൽ വൻഗൂഢാലോചനയുണ്ടെന്ന് യു.ഡി.എഫ്. ആരോപിച്ചു.

കുറ്റിച്ചിറയിൽ ബൂത്ത് ഏജന്റും വളയത്തും തൊട്ടിൽപ്പാലത്തും വോട്ട് ചെയ്യാനെത്തിയ രണ്ടുപേരും കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ ജി.വി.എച്ച്.എസ്.എസിലെ എൽ.ഡി.എഫ്. ബൂത്ത് ഏജന്റ്, ഹലുവ ബസാറിന് സമീപം കുഞ്ഞിത്താൻ മാളിയേക്കൽ അനീസ് അഹമ്മദ് (66) ആണ് മരിച്ചത്. രാവിലെ ഒൻപതോടെയാണ് സംഭവം. വളയം ചെറുമോത്ത് കുന്നുമ്മൽ മാമി (65), തൊട്ടിൽപ്പാലം നാഗംപാറ ബൂത്തിൽ വോട്ടുചെയ്യാൻനിന്ന കാവിലുമ്പാറ ആശ്വാസിയിലെ കല്ലുമ്പുറത്ത് ബിനീഷ് (42) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.


കോഴിക്കോട് ജില്ലയിൽ 74.05 ശതമാനം പേർ വോട്ടുചെയ്തു. ആകെയുള്ള 26,54,327 വോട്ടർമാരിൽ 19,65,643 പേരാണ് വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളിൽ 76.01 ശതമാനവും പുരുഷന്മാരിൽ 71.95 ശതമാനവും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 25 ശതമാനവും വോട്ടുചെയ്തു. നിയമസഭാ മണ്ഡലതലത്തിൽ കൂടുതൽപ്പേർ വോട്ടുചെയ്തത് കുന്ദമംഗലത്തും (76.28 ശതമാനം) കുറവ് വോട്ട് കോഴിക്കോട് നോർത്തിലുമാണ് (70.26). പോളിങ്‌ അവസാനിച്ച വൈകീട്ട് ആറ് കഴിഞ്ഞപ്പോൾ 40 ശതമാനം പോളിങ്‌ സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്.

തുടർച്ചയായി വൈദ്യുതി മുടങ്ങിയത് കാരണം കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂളിലെ 76-ാം നമ്പർ ബൂത്തിൽ രണ്ടരമണിക്കൂറിലേറെ വോട്ടിങ് മുടങ്ങി. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ട് മറ്റൊരു ചിഹ്നത്തിൽ പതിഞ്ഞതായി പരാതിയുണ്ടായി. പുതിയങ്ങാടി, എടക്കാട് യൂണിയൻ എൽ.പി. സ്കൂൾ ബൂത്ത് 17-ലും സിവിൽസ്റ്റേഷൻ ജി.യു.പി സ്‌കൂൾ 83-ാം നമ്പർ ബൂത്തിലുമാണ് പരാതി ഉയർന്നത്. ഇതിൽ ബൂത്ത് 17-ൽ വോട്ട് രേഖപ്പെടുത്തിയ മൊകവൂർ വേട്ടേരി, വേങ്ങോട്ടിൽ അനിൽകുമാറിന്റേത് വ്യാജ പരാതിയാണെന്ന് ബോധ്യമായതോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ടെസ്റ്റ് വോട്ടിലാണ് പരാതി തെറ്റാണെന്ന് തെളിഞ്ഞത്. ഇതുകാരണം അല്പനേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു. എന്നാൽ, 83-ാം നമ്പർ ബൂത്തിൽ ടെസ്റ്റ് വോട്ടുചെയ്യാൻ പരാതിക്കാരി വിസമ്മതിച്ചു.

ഓപ്പൺവോട്ട് മാർഗനിർദേശങ്ങളിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് നാദാപുരം നിയമസഭാമണ്ഡലത്തിലെ 61, 162 പോളിങ് സ്റ്റേഷനുകളിലെ പ്രിസൈഡിങ് ഓഫീസർമാരെ കളക്ടർ മാറ്റി.

നടുവണ്ണൂർ കോട്ടൂർ പഞ്ചായത്തിലെ മൂലാട് ഹിന്ദു എ.എൽ.പി. സ്‌കൂളിലെ 21-ാം ബൂത്തിൽ വോട്ടുചെയ്തപ്പോൾ ബീപ് ശബ്ദം വരുന്നില്ലെന്ന് പരാതിയുണ്ടായതോടെ രാവിലെ പോളിങ് തുടങ്ങാനായില്ല. തുടർന്ന് മറ്റൊരു യന്ത്രം നൽകി എട്ടോടെയാണ് പ്രശ്നം പരിഹരിച്ചത്.

ജില്ലയിൽ വോട്ടിങ് അവസാനിച്ചത് രാത്രി 11.47ന്

കോഴിക്കോട്: ജില്ലയിൽ രാവിലെ ഏഴോടെ തുടങ്ങിയ പോളിങ് അവസാനിച്ചത് രാത്രി 11.47-ന്. വടകര ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളിലാണ് പോളിങ് ഏറെ വൈകി പൂർത്തിയായത്. കുറ്റ്യാടി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള മുടപ്പിലാവിൽ എൽ.പി. സ്കൂളിൽ പ്രവർത്തിച്ച 141-ാം നമ്പർ ബൂത്തിലാണ് ഏറ്റവും ഒടുവിൽ പോളിങ് അവസാനിച്ചത്. ഇവിടെ രാവിലെമുതൽ വോട്ടിങ്ങിന് വേഗം കുറവായിരുന്നതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് കുറ്റ്യാടി മണ്ഡലം റിട്ടേണിങ് ഓഫീസർ ഒരു ഉദ്യോഗസ്ഥനെക്കൂടി ഫസ്റ്റ് പോളിങ് ഓഫീസർക്ക് സഹായത്തിനായി അയച്ചു. എന്നാൽ, ഈ ഉദ്യോഗസ്ഥന് ഫസ്റ്റ് പോളിങ് ഓഫീസറുടെ പരിശീലനം ലഭിക്കാത്തതിനാൽ ചുമതല നിർവഹിക്കാൻ സാധിച്ചില്ല. ഇതോടെ വോട്ടിങ്ങിലെ മെല്ലേപ്പോക്ക് പരിഹരിക്കാനായില്ല.

വൈകീട്ട് ആറുമണിക്കുശേഷം 250-ഓളം പേർക്കാണ് ഇവിടെ ടോക്കൺ നൽകിയത്. ‌രാത്രി വൈകിയും പോളിങ് നീണ്ടതോടെ കുറ്റ്യാടി മണ്ഡലം റിട്ടേണിങ് ഓഫീസർ 12 മണിക്കുമുമ്പ് പോളിങ് പൂർത്തിയാക്കിയില്ലെങ്കിൽ കർശനനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം, ഇതേ സ്കൂളിൽ പ്രവർത്തിച്ചിരുന്ന 140-ാം നമ്പർ ബൂത്തിൽ പോളിങ് നേരത്തേത്തന്നെ അവസാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!