KSDLIVENEWS

Real news for everyone

ഇത്തവണ വിക്ടേഴ്സിന് പുറമെ അധ്യാപകരുടെ ഓൺലൈൻ ക്ലാസും; സ്കൂൾ തുറക്കാൻ ഒരുക്കങ്ങളായെന്ന് വി ശിവൻകുട്ടി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങൾ നടക്കുന്നത്. പരിമിതികൾക്ക് അകത്ത് നിന്ന് എല്ലാം ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതെന്നും വി ശിവൻകുട്ടി വിശദീകരിച്ചു.

രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പ്രവേശനോത്സവം നടക്കുന്നത്. കൊവിഡ് മാനദണ്ഡം ഉള്ളതിനാൽ പഴയപോലെ വിദ്യാര്‍ത്ഥികളുടേും രക്ഷകര്‍ത്താക്കളുടേയും വൻ പങ്കാളിത്തം വേണ്ടെന്ന് വച്ചു.
കൈറ്റ് വിക്ടേഴ്സിൽ നടക്കുന്ന വെര്‍ച്വൽ പ്രവേശനോത്സവം ലൈവിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കും . കുട്ടികളുടെ കലാ പരിപാടികളും ഉണ്ടാകും. അതിന് ശേഷം സംസ്ഥാന തല ഉദ്ഘാടനം പതിനൊന്ന് മണിക്ക് കോട്ടൺഹിൽ സ്കൂളിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഒരു പക്ഷേ നേരിട്ടോ അല്ലെങ്കിൽ ഓൺലൈനായോ പങ്കെടുക്കും.

വിക്ടേഴ്സ് ചാനൽ വഴി പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓൺലൈൻ ക്ലാസുകൾ സജീകരിക്കുമെന്നാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. സ്കൂൾ തല ഓൺ ലൈൻ ക്ലാസ് ഘട്ടം ഘട്ടം ആയി മാത്രമെ നടപ്പാക്കാനാകൂ എന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികൾക്ക് ലഭ്യമായ ഡിജിറ്റൽ സൗകര്യങ്ങളും ഏത് രീതിയിൽ പഠിപ്പിക്കണം എന്നും അടക്കമുള്ള കാര്യങ്ങളും വിശദമായി ആലോചിക്കും. ഒരുപക്ഷേ പത്താം ക്ലാസിലേക്ക് മാത്രമായി ഓൺലൈൻ സംവാദ ക്ലാസുകൾ പരിമിതപ്പെടുത്താനുള്ള തീരുമാനം അടക്കം ഉണ്ടായേക്കും.

സംവാദ ക്ലാസ് നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു. ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ക്ലാസുകളിൽ വേണ്ട ഭേദഗതി വരുത്തിയായിരിക്കും ക്ലാസുകൾ തുടങ്ങുക. ആദ്യം റിവിഷൻ ആയിരിക്കും നടത്തുക. ആദ്യ ആഴ്ച ബ്രിഡ്ജ് ക്ലാസുകളും കുട്ടികളുടെ ആത്മവിശ്വാസം കൂട്ടാനും നടപടി എടുക്കും .

29 നു രാവിലെ 10 നു മണക്കാട് സ്കൂളിൽ വെച്ചാണ് പാഠ പുസ്തക വിതരണത്തിന്‍റെ ഔദ്യോഗിക ഉത്ഘാടനം. എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി. പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിവിധ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്ലസ് ടു ക്ലാസുകൾ ജൂൺ രണ്ടാം വാരം തുടങ്ങും

പ്ലസ്ടു,വി എച് എസ് സി പരീക്ഷകളുടെ മൂല്യനിർണയം ജൂൺ 1 മുതൽ 9 വരെയും എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!