KSDLIVENEWS

Real news for everyone

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ആറു കോടി രൂപയുടെ പ്രൊജക്റ്റ് സമർപ്പിച്ചു.

SHARE THIS ON

കാസറഗോഡ് : കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ആറു കോടി പത്തു ലക്ഷം രൂപയുടെ പ്രോജക്ട് സമർപ്പിച്ചു. കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി തുടർനടപടികൾക്കായി കാസറഗോഡ് വികസന അതോറിറ്റി സ്പെഷ്യൽ ഓഫിസർ ഇ. പി. രാജ്മോഹന് മുമ്പാകെയാണ് പ്രൊജക്ട് സമർപ്പിച്ചത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് ആരോഗ്യ കേന്ദ്രത്തിന് നിലവിൽ ഉള്ളത്. ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ഇവിടെ മുമ്പ് പ്രസവത്തിനും കിടത്തി ചികിത്സയ്ക്കും കൂടി നിരവധിയാളുകൾ എത്തിയിരുന്നു. നല്ലൊരു കെട്ടിടവും മറ്റു സൗകര്യങ്ങളും വരുന്നതോടു കൂടി കുമ്പളയുടെ മുഖച്ഛായ തന്നെമാറുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. തീരദേശ മേഖലയിലെ ആരോഗ്യ കാര്യങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനം ജനങ്ങളുടെ കാലങ്ങളായുള്ള സ്വപ്നമാണ്. പ്രസിഡന്റ് സൈമ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രൊജക്ട് തയ്യാറാക്കി സമർപ്പിച്ചത്. ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ ചെങ്കള, ജെയിംസ് എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!