KSDLIVENEWS

Real news for everyone

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മത്സരം പരിചയസമ്പന്നരും പുതുമുഖങ്ങളും തമ്മില്‍

SHARE THIS ON

തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (Kerala State Film Awards) ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും. പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്തവണത്തെ പ്രത്യേകത. പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 140ഓളം ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തി എന്നാണ് വിവരം. സമാന്തര സിനിമകൾ ഇത്തവണയും ഞെട്ടിക്കുമോ എന്നതാണ് ആകാംക്ഷ. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.

സിനിമാമേഖലയെ സംബന്ധിച്ച് കൊവിഡില്‍ നേരിട്ട പ്രതിസന്ധി തുടര്‍ന്ന വര്‍ഷമായിരുന്നു 2021. കൊവിഡിന് ശേഷം 100 ശതമാനം സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചിട്ട് അധികം മാസങ്ങള്‍ ആയിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന നിരവധി മാസങ്ങള്‍ കഴിഞ്ഞ വര്‍ഷവുമുണ്ടായിരുന്നു. അക്കാലയളവില്‍ ഒടിടി പ്ലാറ്റ്ഫോമുകളാണ് സിനിമാമേഖലയ്ക്ക് തുണയായത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചില മികച്ച ചിത്രങ്ങള്‍ എത്തുകയും അവ ഭാഷാതീതമായി ശ്രദ്ധിക്കപ്പെടുകയും ചെയ്‍ത വര്‍ഷമായിരുന്നു 2021.

ആരാവും മികച്ച നടന്‍?

മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം ചിത്രങ്ങള്‍ ഇത്തവണയുണ്ട്. അതില്‍ മികവുറ്റ പ്രകടനങ്ങളുമുണ്ട്. അതില്‍ പലരും മുന്‍പ് സംസ്ഥാന പുരസ്‍കാരങ്ങള്‍ നേടിയിട്ടുള്ളവരുമാണ്. അവാര്‍ഡിന് മത്സരിക്കുന്നവയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പ്രണവ്, പൃഥ്വിരാജ്, സുരേഷ് ഗോപി എന്നിവരുടെയൊക്കെ ചിത്രങ്ങളുണ്ട്. ദൃശ്യം 2 ആണ് മോഹന്‍ലാലിന്‍റെ ചിത്രം. വണ്‍, ദ് പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. മികച്ച പ്രകടനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം, ഫഹദ് ഫാസില്‍, ടൊവീനോ തോമസ്, നിവിന്‍ പോളി എന്നിവരൊക്കെയുണ്ട്. ഹോം ആണ് ഇന്ദ്രന്‍സിന്‍റെ ചിത്രം. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ, കുടുംബത്തിനുള്ളിലെങ്കിലും മക്കളോടുള്ള ജനറേഷന്‍ ഗ്യാപ്പിന്‍റെ വിഷമത നേരിടുന്ന മധ്യവര്‍ഗ്ഗ കടുംബനാഥനായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്.


കാണെക്കാണെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രം. ഗൌരവമുള്ള കഥാപാത്രങ്ങളില്‍ സ്ഥിരം ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സുരാജിന്‍റെ മറ്റൊരു ശ്രദ്ധേയ പ്രകടനമായിരുന്നു ബോബി- സഞ്ജയ് രചന നിര്‍വ്വഹിച്ച ചിത്രത്തിലെ പ്രായമുള്ള ഈ കഥാപാത്രം. മിന്നല്‍ മുരളി, കള, കാണെക്കാണെ എന്നീ ചിത്രങ്ങളാണ് ടൊവീനോ തോമസിന്റേതായി ഉള്ളത്. മൂന്നും മൂന്നു തരത്തിലുള്ള കഥാപാത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം ടൊവീനോയെപ്പോലെ ഇത്രയും വൈവിധ്യമുള്ള ഒരു ഫിലിമോഗ്രഫി മലയാളത്തില്‍ മറ്റൊരു നടനുമില്ല. മിന്നല്‍ മുരളിയിലെ തന്നെ പ്രതിനായകനെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ പ്രകടനങ്ങളില്‍ ഒന്നാണ്. ജോജിയാണ് ഫഹദ് ഫാസില്‍ ചിത്രം. ദിലീഷ് പോത്തനൊപ്പമുള്ള തന്‍റെ വിന്നിംഗ് കോമ്പിനേഷന്‍ തുടര്‍ന്ന ഫഹദിന്‍റെ പ്രകടനം, ചിത്രം ആമസോണ്‍ പ്രൈമിന്‍റെ ഡയറക്ട് റിലീസ് ആയിരുന്നതിനാല്‍ ഭാഷാതീതമായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കനകം കാമിനി കലഹം ആണ് നിവിന്‍ പോളി ചിത്രം. നിവിനിലെ നടനെ വെല്ലുവിളിക്കുന്ന കഥാപാത്രം അല്ലെങ്കില്‍പ്പോലും അദ്ദേഹത്തിലെ അഭിനേതാവിന്‍റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു ചിത്രത്തിലെ എക്സ്ട്രാ നടനായ പവിത്രന്‍. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ജോജു ജോര്‍ജ്, സൌബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ മത്സരരംഗത്തുണ്ട്.

ആരാവും മികച്ച നടി?

ഗ്രേസ് ആന്‍റണി, പാര്‍വ്വതി തിരുവോത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടേതാണ് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ പ്രകടനങ്ങളില്‍ ചിലത്. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ ഹരിപ്രിയ എന്ന മുന്‍ സീരിയല്‍ നടിയുടെ റോളിലാണ് ഗ്രേസ് എത്തിയത്. പ്രകടനത്തില്‍ ഏറെ സൂക്ഷ്മത ആവശ്യപ്പെടുന്ന കഥാപാത്രത്തെ ഗംഭീരമായാണ് അവര്‍ അവതരിപ്പിച്ചത്. കുമ്പളങ്ങി നൈറ്റ്സിലെ സിനിമയിലൂടെ ബ്രേക്ക് ലഭിച്ച ഗ്രേസ് ആന്‍റണി ഒരു നടിയെന്ന നിലയില്‍ ചുരുങ്ങിയ വര്‍ഷങ്ങളില്‍ നേടിയെടുത്ത വളര്‍ച്ച ഈ കഥാപാത്രത്തില്‍ പ്രതിഫലിച്ചിരുന്നു. ആണും പെണ്ണും, ആര്‍ക്കറിയാം എന്നിവയാണ് പാര്‍വ്വതി തിരുവോത്തിന്‍റെ ചിത്രങ്ങള്‍. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തില്‍ ഉറൂബിന്‍റെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്‍ത ചെറുചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായിരുന്നു പാര്‍വ്വതിയുടേത്. പാര്‍വ്വതി ഇതുവരെ ചെയ്യാത്ത തരത്തിലുള്ള, മറ്റൊരു കാലത്തിലെ, ഗ്രാമീണയും തന്‍റേടിയുമായ ഈ കഥാപാത്രത്തെ പാര്‍വ്വതി നന്നായി അവതരിപ്പിച്ചിരുന്നു. ആര്‍ക്കറിയാം ആണ് പാര്‍വ്വതിയുടെ മറ്റൊരു ചിത്രം. തികച്ചും വ്യത്യസ്‍തമായിരുന്നു ആര്‍ക്കറിയാമിലെ ഷേര്‍ളി.

ഹൃദയം, ആണും പെണ്ണും എന്നിവയാണ് ദര്‍ശന രാജേന്ദ്രന്‍റെ ചിത്രങ്ങള്‍. ആണും പെണ്ണില്‍ ആഷിക് അബു സംവിധാനം ചെയ്‍ത റാണിയിലാണ് ദര്‍ശന അഭിനയിച്ചത്. ഹൃദയത്തിലെ ദര്‍ശന എന്നുതന്നെ പേരുള്ള കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, അന്ന ബെന്‍, ഐശ്വര്യലക്ഷ്മി, ഉര്‍വ്വശി, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ മത്സരത്തിനുണ്ട്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. 142 സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!