KSDLIVENEWS

Real news for everyone

രണ്ടാം തരംഗം തീരും മുമ്പേ കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

SHARE THIS ON

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം അവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ.  ഡെൽറ്റപ്ലസ്  വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ച് സംസ്ഥാനം പഠനം തുടങ്ങിയെങ്കിലും സമഗ്രമായി സാംപിളുകൾ ലഭിക്കാത്തത് തിരിച്ചടിയാവുകയാണ്. വ്യാപനം കൂടിയ മേഖലകളിൽ പത്ത് മടങ്ങുവരെ പരിശോധന നടത്തിയിട്ടും തുടർച്ചയായ അഞ്ച് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിൽ തന്നെയാണ്.

കൊവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന വിലയിരുത്തലുകൾക്ക് ഇടെയാണ് അതിന് മുൻപ് തന്നെ കേസുകൾ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പ്. നേരത്തേ നടന്ന സീറോ സർവ്വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ച് ശതമാനം പേരില്‍ മാത്രമാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇനിയും ബാധിക്കാൻ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതൽ.  ഇളവുകളും ഇതിനിടയിൽ സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ ഡെൽറ്റ പ്ലസ് വകഭേദവും ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഇതോടൊപ്പം തീവ്രവകഭേദങ്ങൾ കണ്ടെത്താനെടുക്കുന്ന കാലതാമസവും തിരിച്ചടിയാണ്. വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസമാണ് സംസ്ഥാനം ജനിതക ശ്രേണീകരണ പഠനം തുടങ്ങിയത്. തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് നിലവിൽ സംവിധാനമുള്ളത്. എന്നാൽ സ്ഥിരീകരിച്ച മൂന്ന് ഡെൽറ്റ പ്ലസ് കേസുകളുടെയും ഫലം ലഭിച്ചത് ദില്ലിയില്‍ അയച്ച സാംപിളുകളിൽ നിന്നാണ്.    

ദില്ലിയിൽ നിന്ന് ഫലം ലഭിക്കുന്നതാകട്ടെ സാംപിളുകൾ നൽകി ഏറെ വൈകിയാണ്. ദില്ലിയിൽ സാംപിളുകളുടെ മൊത്തത്തിലുള്ള ശ്രേണീകരണം പഠിക്കുമ്പോൾ സംസ്ഥാനത്തുള്ളത്  വൈറസിന്‍റെ ഭാഗങ്ങൾ ശ്രേണീകരിച്ചുള്ള പഠനത്തിനുള്ള സംവിധാനമാണ്.  എല്ലാ ജില്ലകളിൽ നിന്നും പ്രശ്നസാധ്യത കൂടിയ സാംപിളുകൾ സമഗ്രമായി ലഭിക്കണമെന്നിരിക്കെ സംസ്ഥാനത്ത് ഇത് നടക്കുന്നില്ല. പല ജില്ലകളും, പ്രശ്നസാധ്യതാ സംപിളുകളും വിട്ടുപോകുന്ന സാഹചര്യമാണുള്ളതെന്ന് വിദഗ്ദർ തന്നെ പറയുന്നു.  ഇങ്ങനെയെങ്കിൽ തീവ്രവകഭേദങ്ങൾ കണ്ടെത്തി പ്രതിരോധിക്കാനാകില്ല. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!