KSDLIVENEWS

Real news for everyone

ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി തിരിച്ചെത്തി സാനിയ; വിമാനത്താവളത്തില്‍ മാലയിട്ട് സ്വീകരണം

SHARE THIS ON

ഹൈദരാബാദ്: ഹജ്ജ് കർമം പൂർത്തിയാക്കി മടങ്ങിയെത്തിയ മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്ക് വൻ സ്വീകരണം. പിതാവ് ഇമ്രാൻ മിർസ, സഹോദരി അനം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ എന്നിവർക്കൊപ്പമായിരുന്നു സാനിയ ഹജ്ജ് തീർഥാടനം പൂർത്തിയാക്കിയത്.

ഹജ്ജ് യാത്രയുടെ ചിത്രങ്ങളും മറ്റും സാനിയയുടെ മാതാവ് നസീമ മിർസ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഹജ്ജ് കർമം പൂർത്തിയാക്കി വിമാനത്താവളത്തിൽ തിരിച്ചെത്തിയ സാനിയയേയും കുടുംബത്തെയും മാലയിട്ടും പൂക്കൾ നൽകിയും സ്വീകരിക്കുന്നതിന്റെ ചിത്രവും നസിം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ചിത്രം പകർത്തിയത് മുംബൈ വിമാനത്താവളത്തിൽനിന്നാണോ അതോടെ ഹൈദരാബാദിൽനിന്നാണോ എന്നത് വ്യക്തമല്ല.

നടി സന ഖാനും സാനിയക്കൊപ്പം ഹജ്ജ് കർമത്തിനുണ്ടായിരുന്നു. മിർസ സഹോദരിമാർക്കൊപ്പം സന നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ നേരത്തേ പ്രചരിച്ചിരുന്നു. ഇവർ ബലിപെരുന്നാൾ ആഘോഷിച്ചതും ഈ യാത്രയ്ക്കിടെയായിരുന്നു. യാത്രയുടെ വിവിധ ചിത്രങ്ങൾ അനം മിർസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മിർസ സഹോദരിമാർക്കൊപ്പം നടി സന ഖാൻ
നേരത്തേ പരിശുദ്ധ ഹജ്ജ് കർമത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം ജൂൺ ഒമ്പതാം തീയതി സാനിയ പങ്കുവെച്ചിരുന്നു. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തിൽ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തുതരണമെന്നും സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരിയിൽ സാനിയ പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. സാനിയയുടെ പിതാവ് ഇമ്രാൻ മിർസയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വാർത്ത പുറത്തുവിട്ടത്. പാക് നടി സന ജാവേദിനെ ഷുഐബ് മാലിക്ക് വിവാഹം ചെയ്യുകയും ചെയ്തിരുന്നു.

error: Content is protected !!