കോവിഡില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു; കമ്മ്യൂണിറ്റി കിച്ചണ്‍ ജനകീയമായി- മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിൽ കേരളം കാര്യക്ഷമമായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കോവിഡ് പ്രതിരോധത്തിൽ അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മുൻപത്തെ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ നിരവധി തവണ പ്രശംസിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴുള്ള കേന്ദ്ര ആരോഗ്യമന്ത്രി വന്നപ്പോൾ തിരിച്ചടിയായി. കേരളത്തിൽ വാക്സിൻ ഇഷ്ടത്തിനുണ്ടെന്ന് അദ്ദേഹം പറയുന്നു. വസ്തുതയില്ലാത്ത കാര്യമാണത്. 10 ലക്ഷം ഡോസ് കേരളത്തിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് കേരളത്തിൽ 5 ലക്ഷം ഡോസ് മാത്രമാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിൻ നൽകി. നാല് ലക്ഷത്തിന് മുകളിൽ വാക്സിനാണ് അന്ന് വിതരണം ചെയ്തത്. ഇത് റെക്കോർഡാണ്. വാക്സിൻ നിരക്കിൽ ദേശീയ ശരാശരിയുടെ ഇരട്ടിയലധികം വാക്സിനേഷൻ കേരളത്തിൽ നടന്നു. ഇന്ത്യയിൽ 130 കോടി ജനങ്ങളിൽ 34.29 കോടി പേർക്കാണ് ഒന്നാം ഡോസ് കൊടുത്തത്. 9.37 കോടി പേർക്ക് രണ്ടാം ഡോസ്. ആകെ 43.67 കോടി ഡോസ് വാക്സിൻ നൽകി. ജനസംഖ്യനിരക്കിൽ 26.39 ശതമാനം പേർക്ക് ഒന്നാം ഡോസും 7.12 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. കേരളത്തിൽ 2021-ലെ കണക്ക് അനുസരിച്ച് 3.51 കോടിയാണ് ജനസംഖ്യ. ജൂലൈ 26 വരെ 1.31 കോടി പേർക്ക് ഒന്നാം ഡോസും, 56.52 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി. 37.32 ശതമാനം പേർക്ക് ഒന്നാം ഡോസ്. 16.19 ശതമാനം പേർക്ക് രണ്ടാം ഡോസ് ലഭിച്ചു. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തെല്ലാം മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. വാക്സിനേഷന്റെ കാര്യത്തിൽ വീഴ്ചയുണ്ടായിട്ടില്ല. വാക്സിനേഷൻ കൃത്യമായി ആരോഗ്യപ്രവർത്തകരിലേക്ക് എത്തിച്ചു. ആരോഗ്യപ്രവർത്തകരിൽ ഒന്നാം ഡോസ് നൂറ് ശതമാനം പേരിലും എത്തിച്ചു. രണ്ടാം ഡോസ് ചില ദിവസങ്ങൾക്ക് ശേഷം മാത്രമേ എടുക്കാൻ കഴിയു. അതിനാലാണ് അത് വൈകുന്നത്. മുന്നണിപോരാളികൾക്ക് വാക്സിൻ കേരളത്തിൽ നൽകിയിട്ടില്ല എന്ന ആരോപണം ശരിയല്ല. 18-45 വയസ്സിനും ഇടയിലുള്ള 21 ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകിയത്. 45 വയസ്സിന് മുകളിലുള്ള 76 ശതമാനം പേർക്ക് ഒന്നാം ഡോസും, 39 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. കേന്ദ്ര നിർദേശപ്രകാരം തന്നെയാണ് കാര്യങ്ങൾ നടപ്പാക്കിയത്. ഇനിയുള്ള സ്ഥിതി മോശമാണ്. ആവശ്യത്തിന് വാക്സിൻ പോലും കൈയിൽ ഇല്ല. ഇനി കേന്ദ്രത്തിൽ നിന്നും കിട്ടിയാൽ മാത്രമേ വാക്സിനേഷൻ മുന്നോട്ട് പോകുകയുള്ളൂ. കേന്ദ്രം തരുന്നുണ്ട്, എന്നാൽ അത് പര്യാപ്തമാകുന്നില്ല. കേരളം വളരെ കൃത്യതയോടെ കാര്യക്ഷമമായിട്ട് തന്നെയാണ് വാക്സിൻ നൽകുന്നത് . ലോക്ക്ഡൗൺ ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലാണ്. രാജ്യം മുഴുവൻ പ്രഖ്യാപിക്കുന്നതിന് പിന്നാലെയാണിത്. കേരളം ശാസ്ത്രീയമായ സമീപനമാണ് സ്വീകരിച്ചത്. നാട് നേരിടുന്ന മഹാദുരന്തത്തിൽ പട്ടിണികിടക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. അത്തരക്കാർക്ക് ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചണിലൂടെ സാധിച്ചു. ഇതിന് എല്ലാവരുടെയും പിന്തുണയുണ്ടായി. നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിൽ തെറ്റ് പറ്റിയിട്ടില്ല. ആശുപത്രിവാസം ഒഴിവാക്കാൻ വേണ്ടിയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

