ടൂറിസം സാധ്യതകൾ തേടി പ്രകൃതി ഭംഗി നിറഞ്ഞ കമ്പാർ പുഴയോരം

മൊഗ്രാൽപുത്തൂർ ∙ പ്രകൃതി ഭംഗി നിറഞ്ഞ കമ്പാർ പുഴയോരം ടൂറിസം സാധ്യതകൾ തേടുന്നു. മൊഗ്രാൽപൂത്തൂർ, മധൂർ, പുത്തിഗെ, കുമ്പള പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമാണു കമ്പാർ പുഴയോരം. മൊഗ്രാൽ പുഴയുടെ ഭാഗമായ കമ്പാർ പുഴയോരം പച്ചപ്പും ഗ്രാമീണ ഭംഗിയിലും മനോഹരമാണ്. ഇവിടെ നിന്നു അനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള ദൂരം 2 കിലോ മീറ്റർ ദൂരം മാത്രമാണ്. ട്രക്കിങ് ഏറെ സാധ്യതയുള്ള മേഖലയാണിത്.പുഴയോരത്തു കൂടി ടാറിങ് നടത്തിയ നല്ല റോഡുകളുണ്ട്. വിവിധയിടങ്ങളിൽ നിന്നായി ഒട്ടേറെ വിനോദ സഞ്ചാരികൾ പുഴയോരം ആസ്വദിക്കാനുമായി കമ്പാറിലേക്കു എത്തുന്നതായി നാട്ടുകാർ പറയുന്നു.
ലോഗോ പ്രകാശനം ചെയ്തു
പുഴയോരം പാർക്ക് , ഭക്ഷണശാല, ബോട്ടിങ് വാട്ടർ സ്പോർട്സ്, ട്രക്കിങ് ഫാം ടൂറിസം എന്നിവയ്ക്കുള്ള സാധ്യതകൾ ഏറെയാണ്. ഡിടിപിസി. സെക്രട്ടറി ബിജു രാഘവൻ, ബിആർഡിസി.അസിസ്റ്റന്റ് മാനേജർ കെ.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നതിന് മൊഗ്രാൽപുത്തൂർ പഞ്ചായത്തും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. റവന്യു, പഞ്ചായത്ത് പുറംമ്പോക്ക് സ്ഥലം ഉണ്ടെങ്കിൽ അവയുടെ രേഖകൾ ടൂറിസം വകുപ്പിനു കൈമാറിയാൽ പദ്ധതി തയാറാക്കി നൽകാൻ സാധിക്കുമെന്നു അധികൃതർ അറിയിച്ചു.
പുഴയോര ടൂറിസത്തിനായി രൂപ കൽപന ചെയ്ത ലോഗോ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബിജു രാഘവൻ പ്രകാശനം ചെയ്തു. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട്, പി.എം.മുനീർ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, ഹക്കീം കമ്പാർ, മൻസൂർ കമ്പാർ എന്നിവർ പ്രസംഗിച്ചു. നാഫിദ് പരവനടുക്കമാണ് ലോഗോ രൂപകൽപന ചെയ്തത്.