കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ട്രാന്‍സ്ജെന്‍ഡേഴ്സ് കലോത്സവം ശ്രദ്ധേയമായി

കാഞ്ഞങ്ങാട് ∙ ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓൺലൈൻ വഴി നടത്തിയ ട്രാൻസ്ജെൻഡേഴ്സ് കലോത്സവം (ഓണ നിലാവ്) ശ്രദ്ധേയമായി. രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം പഞ്ചായത്തിന്റെ ഫെയ്സ്ബുക് പേജ്, കേബിൾ ചാനല്‍ എന്നിവയിലൂടെ ജനങ്ങളിലെത്തിച്ചു. 35 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. തിരുവാതിര, ഒപ്പന, നാടൻപാട്ട്, സംഘനൃത്തം, ഓണപ്പാട്ട് തുടങ്ങി വൈവിധ്യമാർന്ന കലാ പരിപാടികള്‍ ഇവർ അവതരിപ്പിച്ചു.
പരിപാടി വിജയം കണ്ടതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രാൻസ്ജെൻഡേഴ്സ് കലാ ഗ്രൂപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന് പുറമേ ട്രാൻസ്ജെൻഡേഴ്സിന്റെ ഉന്നമനത്തിനായി 4 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തി. മന്ത്രി എം.വി.ഗോവിന്ദൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി പ്രത്യേക കലോത്സവം സംഘടിപ്പിച്ചത് കേരളത്തിൽ ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, ഇഷ കിഷോർ എന്നിവർ പ്രസംഗിച്ചു.