പുല്ലൂർ പെരിയയിലെ ജലനിധി പദ്ധതി ജലവിതരണം ഈയാഴ്ച പൂർണമായി പുനരാരംഭിക്കും

പെരിയ ∙ മൂന്നു മാസത്തിലേറെയായി മുടങ്ങിയ പുല്ലൂർ പെരിയ പഞ്ചായത്തിലെ 1,500 കുടുബങ്ങൾക്കുള്ള ജലവിതരണം ഈയാഴ്ച പൂർണമായി പുനരാരംഭിക്കും. ആയിരത്തിലേറെ കുടുംബങ്ങൾക്ക് ജലവിതരണം തുടങ്ങി. ജലനിധി പദ്ധതിയുടെ താന്നിയടി പുഴയോരത്തെ മോട്ടോറുകളുൾപ്പെടെയുള്ള പമ്പ് ഹൗസ് കനത്തമഴയിൽ പുഴയിലേക്ക് തകർന്നു വീണതിനെത്തുടർന്നാണ് പദ്ധതിയിൽ നിന്നുള്ള ജലവിതരണം നിലച്ചത്. മേയ് 11നായിരുന്നു സംഭവം.
വെള്ളത്തിലായ മോട്ടറുകൾക്കു പകരം പുതിയ മോട്ടറുകളും താൽക്കാലിക പമ്പ് ഹൗസും സ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം പമ്പ് ചെയ്തു തുടങ്ങി. മൂന്നു ദിവസത്തിനകം പൂർണമായും എല്ലാ വീടുകളിലേക്കും ജലവിതരണം നടത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.തകർന്ന പമ്പ് ഹൗസിനും മോട്ടറുകൾ, പ്രഷർ ഫിൽട്ടർ ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിനുമായി 30 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. പ്രവർത്തികൾക്കായി 26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണു തയാറാക്കിയത്. പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്ന കിണറിനു മുകളിലെ സ്ലാബിലാണു മുൻപ് പമ്പ് ഹൗസ് സ്ഥാപിച്ചിരുന്നത്. ഇതാണ് തകർന്നു വീണത്. ജലവിതരണത്തിനായി പഴയ കിണർ തന്നെയാണ് ഉപയോഗിക്കുന്നത്.
പുഴയിലെ ജലനിരപ്പ് താഴ്ന്നാൽ തകർന്നുവീണ പഴയ മോട്ടറുകൾ വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ ഒരു ലക്ഷം ലീറ്റർ വെള്ളം ശുദ്ധീകരിച്ച് പ്രധാനടാങ്കിലേക്ക് കയറ്റാൻ കഴിയുന്ന പ്രഷർ ഫിൽട്ടർ ടാങ്കാണ് പദ്ധതിക്കായി പുതുതായി സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയിൽ നിന്നുള്ള ജലവിതരണം പുനരാരംഭിക്കുന്നതോടെ മൂന്നുമാസത്തിലേറെയായി 1500 കുടുംബങ്ങൾ കുടിവെള്ളത്തിനായി അനുഭവിച്ച ദുരിതത്തിനും പരിഹാരമാകും.