കേരള മോഡൽ എന്നും ബദൽ; അതാണ് വീഴ്ചയെങ്കിൽ, അഭിമാനിക്കുന്നു: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തിരിച്ചടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപിക്കുന്നത് സംബന്ധിച്ച വിമർശനങ്ങൾക്ക് രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക തെറ്റാണെന്നാണ് പറയുന്നവർ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത് എന്നുകൂടി പറയണമെന്ന് പിണറായി ചിന്ത വാരികയിൽ എഴുതി. കേരളത്തിൽ ഒരാൾ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ല. ലഭിച്ചതിലധികം വാക്സീൻ വിതരണം ചെയ്തു. മൃതദേഹങ്ങൾ നദികളിൽ ഒഴുകുന്ന സ്ഥിതിയുണ്ടായില്ല, ഒരാൾക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല എന്നിങ്ങനെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കണക്കറ്റ് വിമർശിച്ചുമാണ് ലേഖനം. കൊവിഡിന്‍റെ ഭാഗമായുണ്ടായ പ്രതിസന്ധിയുടെ കാലത്തും സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടായില്ലായെന്നും വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടന്നുവെന്നും പിണറായി വിജയൻ ലേഖനത്തിൽ എഴുതി. രാജ്യത്ത് കൊവിഡിന് ഏറ്റവും മികച്ച ചികിത്സ കേരളത്തിൽ ഉറപ്പാക്കി. ചികിത്സ കിട്ടാതെ ഒരാളും ഇവിടെ മരണപ്പെട്ടില്ല. ചികിത്സയെ കുറിച്ച് പരാതി ഉയർന്നില്ല. രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നു. മൂന്നാം തരംഗത്തെ നേരിടാനും കേരളം ഇന്ന് സജ്ജമാണെന്നും മുഖ്യമന്ത്രി പറയുന്നു. കൊവിഡിന്‍റെ ഫലമായി കേരളത്തില്‍ ഒരാള്‍ക്കു പോലും വിശന്ന് അന്തിയുറങ്ങേണ്ടി വന്നിട്ടില്ല. അത് ഭരണസംസ്കാരത്തിലെ മാറ്റമാണ്. കഴിയാവുന്ന വിധത്തില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക അടിത്തറ സംരക്ഷിച്ചു നിര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സീറോ പ്രിവലെന്‍സ് സര്‍വ്വേകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിലും ഏറ്റവും കുറവ് ആളുകള്‍ക്ക് രോഗബാധയുണ്ടായ സംസ്ഥാനം കേരളമാണ്. വാക്സീനേഷന്‍റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്സിന്‍ പോലും നഷ്ടപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസുകൂടി ഉപയോഗിച്ച് നമ്മള്‍ ജനങ്ങളെ വാക്സിനേറ്റ് ചെയ്തു. അങ്ങനെ ലഭിച്ചതിലുമധികം വാക്സിനുകള്‍ നല്‍കിയ ഏക സംസ്ഥാനമായി കേരളം മാറി.