ഊട്ടിപ്പട്ടണം വീണ്ടും തുറന്നു, സഞ്ചാരികള്‍ ഒഴുകുന്നു, പടക്കം പൊട്ടിച്ച് കച്ചവടക്കാര്‍!

കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു.
ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബൊട്ടാണിക്കല്‍ ഗാര്ഡന്, റോസ് ഗാര്ഡന്, ടീ പാര്‍ക്ക്, കുന്നൂര് സിംസ് പാര്‍ക്ക് തുടങ്ങിയ ഇടങ്ങളാണ് തുറന്നത്. പൂക്കള്‍ നല്‍കിയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സഞ്ചാരികളെ ഗാര്ഡന് അധികൃതര്‍ സ്വീകരിച്ചത്. ഊട്ടിയിലെ വ്യാപാരികള്‍ പടക്കം പൊട്ടിച്ചാണ് ടൂറിസ്റ്റ് പ്രവേശനത്തെ സ്വാഗതം ചെയ്തത്. കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 20 മുതലാണ് വിനോദസഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്.
ഇവിടങ്ങളില്‍ രണ്ടു ദിവസങ്ങളിലയി 5000ലധികം വിനോദസഞ്ചാരികള്‍ എത്തിയതായി അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തമിഴ്നാട് ടൂറിസം വകുപ്പിനു കീഴിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള കൃത്രിമ തടാകത്തിലെ ബോട്ട് സവാരി ടിക്കറ്റ് നിരക്ക് കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിലെ നിരക്കില്‍ 25 ശതമാനം വര്‍ധനവാണ് വരുത്തിയത്.
നീലഗിരി ജില്ലയിലെ ഊട്ടി, പൈക്കാറ എന്നീ ബോട്ട് ഓഫിസുകളില്‍ തിങ്കളാഴ്ച മുതല്‍ തന്നെ വര്‍ധന നടപ്പാക്കി. അവധി ദിവസങ്ങളില്‍ പ്രത്യേക ചാര്‍ജും ഡെപ്പോസിറ്റ് അടക്കമുള്ള വര്‍ധനയാണ് നടപ്പാക്കിയത്. എക്സ്പ്രസ് സര്‍വിസുമുണ്ട്. രണ്ടു സീറ്റുള്ള പെഡല്‍ ബോട്ടിന് ശനി, ഞായര്‍ ഒഴികെ എല്ലാ ദിവസവും 250 രൂപയാണ്. ഡെപ്പോസിറ്റ് ഉള്‍പ്പെടെ 500 രൂപ ഈടാക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റ് ചാര്‍ജ് 300 രൂപയും ഡെപ്പോസിറ്റ് 300 രൂപയും ചേര്‍ത്ത് 600 രൂപയാണ്. എക്സ്പ്രസ് ചാര്‍ജ് 700 രൂപ. നാല് സീറ്റിന് 350 രൂപ. ഡെപ്പോസിറ്റ് 350 രൂപ ഉള്‍പ്പെടെ 700 രൂപ. ശനി, ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റിന് 400 രൂപ. എക്സ്പ്രസ് ചാര്‍ജ് 1000 രൂപയും.ഡ്രൈവറുടെ സഹായത്തോടെ ഓടിക്കുന്ന എന്ജിന് ബോട്ടുകള്‍ക്ക് നാലു സീറ്റിന് 345 രൂപ, ഡ്രൈവര്‍ക്ക് 55 രൂപ, ഡെപ്പോസിറ്റായി 400 ഉള്‍പ്പെടെ 800 രൂപ ഈടാക്കും.
ലോക്ക് ഡൗണും ഇന്ധന വിലവര്‍ധനയും കാരണം കനത്ത നഷ്ടമാണ് ടൂറിസം വകുപ്പിന് നേരിട്ടിട്ടുള്ളത്. ഈ വരുമാന നഷ്ടം പരിഹരിക്കാനാണ് നിരക്ക് കൂട്ടുന്നതിലൂടെ അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.