കതകിന് മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്, മുകേഷ് രാജിവെക്കണം: കെ. മുരളീധരൻ

കൊച്ചി: ലൈംഗികാരോപണം നേരിടുന്ന മുകേഷ്, എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
”കതകിന് മുട്ടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ നല്ലത് മുട്ടാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാവും കുറച്ച് കൂടി എളുപ്പം. എന്നാല്‍ ചിലപ്പോള്‍ ഒരു പേജിലൊക്കെ ഒതുങ്ങും. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണം. രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടത്താനുണ്ടല്ലോ, അദ്ദേഹം രാജിവെച്ചാല്‍ മൂന്നിടത്തായി ഉപതെരഞ്ഞെടുപ്പ് നടത്താം. അതും സൗകര്യമാണ്”- മുരളീധരന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാര്‍ ആരാണെന്ന് പുറത്ത് വരണം. രാഷ്ട്രീയം നോക്കാതെ നടപടി വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ക്ലേവ് നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുകേഷും ജയസൂര്യയും അടക്കമുള്ള ഏഴു നടന്‍മാർ ലൈംഗികമായി പീഡിപ്പിച്ചെന്ന് തെന്നിന്ത്യന്‍ നടി പൊലീസില്‍ പരാതി നല്‍കി. മുകേഷ് ഒരു നടിയുടെ വീട്ടില്‍ കയറി അവരുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് ജൂനിയർ ആർടിസ്റ്റ് സന്ധ്യ ആരോപിച്ചു. മുകേഷിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിർത്തണമെന്ന് നടി ഗായത്രി വർഷ ആവശ്യപ്പെട്ടു.

