KSDLIVENEWS

Real news for everyone

പണം ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്തു, അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിയുന്നു’; നടിക്കെതിരെ മുകേഷ്

SHARE THIS ON

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താനുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങള്‍ സ്വാഗതംചെയ്യുന്നുവെന്ന് നടന്‍ കൂടിയായ എം. മുകേഷ് എം.എല്‍.എ. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. സത്യം പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Rx രാഷ്ട്രീയമായി വേട്ടയാടാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018-ല്‍ ഇതേ രാഷ്ട്രീയനാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വെളിപ്പെടുത്തല്‍ നടത്തിയ നടിക്കെതിരെ മുകേഷ് ബ്ലാക്‌മെയിലിങ് ആരോപണവും ഉന്നയിച്ചു. ബ്ലാക്‌മെയില്‍ തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണിവെക്കുന്നവരെ ഒറ്റപ്പെടുത്തുകതന്നെ ചെയ്യും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മുകേഷ് വ്യക്തമാക്കി. വെളിപ്പെടുത്തല്‍ നടത്തിയ നടിക്കെതിരായ മുകേഷിന്റെ ആരോപണം 2009-ല്‍ സിനിമയില്‍ അവസരം തേടുന്നയാള്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണില്‍ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആല്‍ബവുമായി എന്റെ വീട്ടില്‍ വന്ന അവര്‍ മീനു കുര്യന്‍ എന്ന് പരിചയപ്പെടുത്തി. അവസരങ്ങള്‍ക്കായി സഹായിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ലാപ്‌ടോപ് സന്ദേശം അയക്കുകയുണ്ടായി. ആ സമയത്തൊന്നും അവര്‍ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. 2022-ല്‍ ഇതേ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവര്‍ മീനു മുനീര്‍ എന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്നവര്‍ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ നിസ്സഹായത അറിയിച്ചപ്പോള്‍ ഒരു ലക്ഷമെങ്കിലും മതിയെന്നായി.  ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചു. ഞാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തില്‍ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട് ഫോണില്‍ വിളിച്ച് മറ്റൊരാളും വന്‍ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്ത ഈ സംഘം ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവര്‍ എനിക്ക് അയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച് തെളിവുകളുടെ പിന്‍ബലത്തിലാണ് ഞാന്‍ ഈ കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാന്‍ കൂട്ടുനില്‍ക്കുന്ന ഒരാള്‍ അല്ല ഞാന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!