കാസർകോട് ജില്ലാ സപ്ലൈകോ ഓണം മേളയ്ക്ക് തുടക്കം; വിലക്കയറ്റം അലട്ടില്ല: മന്ത്രി ശശീന്ദ്രൻ

കാസർകോട്: ഈ ഓണക്കാലത്ത് വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ക്ഷാമവും ജനങ്ങളെ അലട്ടില്ലെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.
എല്ലാവർക്കും സബ്സിഡി നിരക്കില്‍ ആവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാസർകോട് ജില്ലാ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്ത് കൃത്രിമ ക്ഷാമം മൂലം ജനങ്ങളെ കൊള്ളയടിക്കപ്പെടുന്നതു തടയുന്നതിനായി 100 കോടി രൂപ സർക്കാർ സിവില്‍ സപ്ലൈസ് കോർപ്പറേഷനു അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളിച്ചെണ്ണയുടെ വിലവർദ്ധന ജനങ്ങളെ ആശങ്കപ്പെടുത്തിയിരുന്നുവെങ്കിലും സർക്കാരിന്റെ ഇടപെടലിലൂടെ സിവില്‍ സപ്ലൈസ് കോർപ്പറേഷൻ കുറഞ്ഞ നിരക്കില്‍ ശുദ്ധമായ വെളിച്ചെണ്ണ വിതരണം ചെയ്യാൻ സാധിച്ചു. അരിയും വെളിച്ചെണ്ണയും അടങ്ങിയ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ന്യായവിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാൻ സപ്ലൈസ് കോർപ്പറേഷനു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓണ ചന്തയില്‍ സപ്ലൈകോ സബ്സിഡിനോണ്‍സബ്സിഡി ഉത്പന്നങ്ങള്‍ക്കു പുറമെ കൈത്തറി, കുടുംബശ്രീ, മില്‍മ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളില്‍ ലഭ്യമാവും. കാസർകോട് ജില്ലയില്‍ കാഞ്ഞങ്ങാട് വൈറ്റ് ലൈൻ കോംപ്ലക്സിനോട് ചേർന്നാണ് ഓണച്ചന്ത നടക്കുക.
ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവില്‍ നല്‍കിവരുന്ന എട്ട് കിലോ സബ്സിഡി അരിയ്ക്കു പുറമെ കാർഡൊന്നിന് 20 കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍ നിന്നും ഒരു കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ വർഷം പുതുതായി ഒരുക്കിയ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ മുഖേന മിതമായ നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ കൂടാതെ സബ്സിഡി ഉല്‍പന്നങ്ങളും ലഭിക്കും. മൊബൈല്‍ മാവേലി സ്റ്റോറിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സണ്‍ കെ.വി. സുജാത ആദ്യവില്പന നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, പി.കെ. നിഷാന്ത്, അഡ്വ. പി.വി. സുരേഷ്, ബങ്കളം കുഞ്ഞികൃഷ്ണൻ, ബഷീർ ബെള്ളിക്കോത്ത്, കുര്യാക്കോസ് പ്ലാപ്പറമ്ബില്‍, വി. വെങ്കിടേഷ്, അഡ്വ. കെ.വി. രാമചന്ദ്രൻ, കരീം ചന്തേര, ഉദിനൂർ സുകുമാരൻ, കെ.സി. മുഹമ്മദ് കുഞ്ഞി, പ്രമോദ് കരുവളം, പി.ടി. നന്ദകുമാർ എന്നിവർ സംസാരിച്ചു. സപ്ലൈകോ കോഴിക്കോട് മേഖലാ മാനേജർ ഷെല്‍ജി ജോർജ്ജ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു നന്ദിയും പറഞ്ഞു.