ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം: 2021-ലെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഇനി സബ്ജക്ട് കമ്മിറ്റിയില്‍ കൂടി പോകേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പ്രകടന പത്രികയിലെ എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഇത്.
പതിവ് ലഭിച്ച ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും പതിച്ച് നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുന്നതിനും ഭേദഗതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തികച്ചും ജനാധിപത്യപരമായാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍, നിയമവിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍പ്പെട്ടവരുമായി നടത്തിയ വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് ഭേദഗതി തയ്യാറാക്കിയത്. നിയമസഭ ഇത് ഏകകണ്ഠമായാണ് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. മലയോര ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. മലയോര മേഖലയിലെ ഭൂപ്രശ്‌നങ്ങള്‍ ഒരുപാട് വിഷമിപ്പിക്കുന്ന ഒന്നായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നത് മുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.