റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ഉപാധികളോടെ; അടുത്തമാസം 9 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം

കൊച്ചി: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ റാപ്പർ വേടന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഹിരൺദാസ് മുരളിയെന്ന വേടൻ സെപ്റ്റംബർ 9,10 ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മു ൻപാകെ ഹാജരാകണമെന്നാണ് പ്രധാന വ്യവസ്ഥ. ഒരു വ്യക്തിയുടെ ഭാവിയെ ബാധിക്കും വിധം മുൻകൂർ ജാമ്യം അനുവദിക്കാത്തത് നീതി നിഷേധമാകുമെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. കേസിലെ അതിജീവിത മുൻകൂർ ജാമ്യം നൽകുന്നതിനെ കോടതിയിൽ എതിർത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദ്ദേശം നൽകി. എറണാകുളം തൃക്കാക്കര പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ്
കേസ് റജിസ്റ്റർ ചെയ്‌ത അന്നു മുതൽ വേടൻ ഒളിവിലാണ്. രണ്ടാമത്തെ പീഡന പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു കേസ് കൂടി സെൻട്രൽ പൊലീസ് വേടനെതിരെ രജിസ്റ്റർ ചെയ്‌തതും അഭിഭാഷക ചൂണ്ടിക്കാട്ടി. എന്നാൽ ബന്ധം പിരിഞ്ഞ ശേഷം വ്യക്തികൾ മറ്റുള്ളവരുടെ ഭാവി നശിപ്പിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്ന കാലത്തുണ്ടായ ശാരീരിക ബന്ധം അകൽച്ചയോടെ എങ്ങനെ ബലാത്സംഗമാകുമെന്നും കോടതി ചോദിച്ചിരുന്നു. തുടർന്നാണ് പരാതിക്കാരിയെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെ കോടതി വേടന് ജാമ്യം നൽകിയത്.